തിരുവനന്തപുരം: പാറശാല ഉദിയൻകുളങ്ങരയിൽ സിപിഎം പ്രവർത്തകയും ആശ വർക്കറുമായ യുവതിയെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ ആശയെ (41) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി പാർട്ടി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു ആശ.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.അരുണ്‍ കൃഷ്ണ ,ശ്രീകാന്ത് എന്നിവര്‍ മക്കളാണ്.
അഴകിക്കോണത്ത് പാര്‍ട്ടി ഓഫിസിനു വേണ്ടി വാങ്ങി ഇട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറശാല പാര്‍ട്ടി ഓഫിസില്‍ ഇന്നലെ നടന്ന കമ്മിറ്റിയില്‍ ആശ പങ്കെടുത്തിരുന്നു. രാത്രിയോടെ ആശയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേ സമയം ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു