ഇടുക്കി : ചിന്നാർ വന്യജീവിസങ്കേതത്തിൽ വെച്ച് കരടിയുടെ ആക്രമണത്തിൽ നിന്നും 14 കാരൻ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കരടിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റു. മറയൂർ പഞ്ചായത്തിൽ പുതുക്കുടി ഗോത്രവർഗ കോളനി സ്വദേശി അരുൺകുമാറിന്റെ മകൻ കാളിമുത്തു (14)വിനാണ് പരിക്കേറ്റത്. അച്ഛനും സഹോദരനും രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം.
വീടിന് സമീപം നിർമിക്കുന്ന മൺവീടിന് ഉപയോഗിക്കാൻ വള്ളി (പാൽക്കൊടി) ശേഖരിക്കാനായാണ് അരുൺകുമാറും മക്കളായ വിജയകുമാറും കാളിമുത്തുവും ഞായറാഴ്ച രാവിലെ 10-ന് സമീപമുള്ള മലയിൽ പോയത്. ഈ സമയത്ത് അപ്രതീക്ഷിതമായി എത്തിയ മൂന്ന് കരടികളിലൊന്ന് കാളിമുത്തുവിനെ ആക്രമിക്കുകയായിരുന്നു.
കുട്ടിയെ മറിച്ചിട്ട് കരടി കാലിൽകടിച്ചു. അരുൺകുമാറും വിജയകുമാറും കൈയിലുണ്ടായിരുന്ന വടികൾ ഉപയോഗിച്ച് കരടിയെ നേരിട്ടു. കുറച്ചുസമയത്തിനകം കാളിമുത്തുവിനെ വിട്ട് കരടികൾ വനത്തിനുള്ളിലേക്ക് പോകുകയായിരുന്നു.
പരിക്കേറ്റ കാളിമുത്തുവിനെ അച്ഛനും സഹോദരനുംകൂടി മൂന്നുകിലോമീറ്റർ ദൂരം തോളിൽ ചുമന്ന് പുതുകുടിയിലെത്തിച്ചു. ഇവിടെനിന്ന് ജീപ്പിൽ മറയൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.