കോഴിക്കോട്: താമരശേരി രൂപതയുടെ മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പള്ളി കാലം ചെയ്തു. അദ്ദേഹത്തിന് 87 വയസായിരുന്നു. ഹ്യദ്രോഗ ബാധയെ തുടർന്ന് ഇന്ന് വൈകുന്നേരം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അവശതകളുണ്ടായിരുന്നു. 13 വർഷക്കാലം താമരശേരി രൂപതാധ്യക്ഷനായിരുന്നു മാർ ചിറ്റിലപ്പള്ളി. കല്യാൺ രൂപതയുടെ പ്രഥമ ബിഷപ്പായിരുന്നു.പത്തു വർഷം കല്യാൺ രൂപതാധ്യക്ഷനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1997 ഫെബ്രുവരി 13ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി താമരശ്ശേരി രൂപതയുടെ സാരഥിയായി നിയമിതനായത് മാര്‍ ജേക്കബ് തൂങ്കുഴി തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലാണ്. 13 വര്‍ഷം രൂപതയെ പുരോഗതിയിലേക്ക് നയിച്ച ബിഷപ് 2010 ഏപ്രില്‍ 8ന് രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചു.
തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7ന് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഭൂജാതനായി. 1951 ല്‍ മറ്റം സെന്റ് ഫ്രാന്‍സീസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസ്സായി. തേവര എസ്.എച്ച് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷം 1953 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1958 ല്‍ മംഗലപ്പുഴ മേജര്‍ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
1961 ഒക്ടോബര്‍ 18ന് അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ടു നിന്നു റോമില്‍ പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966 ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
1971 ല്‍ കുണ്ടുകുളം പിതാവിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. 1988 ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി കല്യാണ്‍ രൂപത സ്ഥആപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വര്‍ഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു.
താമരശ്ശേരി രൂപത മെത്രാനായി ചുമതലയേറ്റെടുത്തപ്പോള്‍ സ്വീകരിച്ച ആദര്‍ശവാക്യം നവീകരിക്കുക, ശക്തിപ്പെടുക എന്നതായിരുന്നു. കുടുംബങ്ങളുടെ നവീകരണത്തിലൂടെ ആദര്ശവാക്യത്തിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തി രൂപതയില്‍ കൈവരിക്കുന്നതിന് ബിഷപ് ആത്മാര്‍ത്ഥമായി പരിശ്രമിച്ചിരുന്നു. രൂപതയുടെ ആത്മീയ സ്രോതസ്സായ പുല്ലാരാംപാറ ബഥാനിയാ ധ്യാനകേന്ദ്രം പുതുക്കി നിര്‍മ്മിച്ചത് 2004 സെപ്തംബര്‍ 13 ന് ആയിരുന്നു. ധ്യാനകേന്ദ്രത്തോടു ചേര്‍ന്ന് 2005 ജൂലൈ 23 ന് നിത്യാരാധനകപ്പേളയും കുദാശ ചെയ്തു.
രൂപതയില്‍ 13 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ പള്ളികളുടെ എണ്ണം വളര്‍ച്ചയുടെ ശക്തി വെളിപ്പെടുത്തുന്നു. നേരത്തെ ഉണ്ടായിരുന്ന ചെറിയ പള്ളികളൊക്കെ ഇടവക ദൈവാലയങ്ങളായി ഉയര്‍ത്തിയതും അവിടെയൊക്കെ വികാരിമാരെ നിയമിച്ചതും പിതാവിന്റെ മിഷനറി മനസ്സാണ്. വൈദികരുടെ എണ്ണം സാരമായി വര്‍ദ്ധിച്ചത് ബിഷപിൻ്റെ കാലത്താണ്.