പെട്ടിമുടി ദുരന്തത്തിന് ഒരുമാസം; സർക്കാർ പ്രഖ്യാപനം ഇനിയും അന്തരീക്ഷത്തിൽ

ഇടുക്കി: നെടുങ്കൻ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ പോയിട്ട് പെട്ടിമുടിയിലെ ദുരന്തത്തെ അതിജീവിച്ചവർക്ക് വീട് നിർമിച്ച് നൽകുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരുമാസം പിന്നിടുന്നു. അപകടത്തിൽ കാണാതായ 70 പേരിൽ നാല് പേരെ കണ്ടെത്താനായിട്ടില്ല.

ദുരന്തമുണ്ടായി ഒരാഴ്ചക്ക് ശേഷം 25 ലേറെ വാഹനങ്ങളുടെ അകമ്പടിയോടെയെത്തിയ മുഖ്യമന്ത്രി ആത്മാർഥിയല്ലാതെ വെറും ഷോ കാണിച്ച് മടങ്ങുകയായിരുന്നുവെന്ന് പെമ്പിള ഒരുമയടക്കമുള്ള സംഘടനകൾ കുറ്റപ്പെടുത്തുന്നു. ഇവിടെ വലിയ വോട്ട് ബാങ്കില്ലെന്നതാണ് യാതൊരു നടപടിയുമെടുക്കാത്തതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാൽ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുൾപൊട്ടൽ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെ. ഇതിനകം അപകടത്തിൽപ്പെട്ട 82 പേരിൽ 70 പേർ മണ്ണിനടിയിലായി. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷപ്പെട്ടത് 12 പേർ മാത്രം.

മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നൽകിയിരുന്നു. തോട്ടം ഉടമകളായ കണ്ണൻ ദേവൻ കമ്പനിയുമായി ചർച്ച നടത്തി വീട് നിർമിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം. പെട്ടിമുടി ദുരന്തത്തെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിൽ കണ്ണൻദേവൻ കമ്പനിയുമായി ജില്ലാ ഭരണകൂടം നടത്താനിരിക്കുന്ന ചർച്ചയിലാണ് ഇനി പെട്ടിമുടിക്കാരുടെ പ്രതീക്ഷ.