തിരുവനന്തപുരം: സംസ്ഥാനത്തെ 200 സ്‌റ്റോപ്പുകള്‍ ദക്ഷിണ റെയില്‍വേ നിർത്തലാക്കുന്നത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരിക്കുമ്പോള്‍ ദക്ഷിണ റെയിൽവേ 800 സ്‌റ്റോപ്പുകള്‍ പിന്‍വലിക്കുന്നതിൽ നാലിലൊന്നും കേരളത്തിലാണെന്നാണ് സൂചന. തീരെ യാത്രക്കാരില്ലാത്ത സ്‌റ്റോപ്പുകള്‍, രാത്രി 12നും പുലര്‍ച്ചെ നാലിനുമിടയില്‍ വരുന്ന സ്‌റ്റോപ്പുകള്‍, പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായി മാറ്റുമ്പോള്‍ ഒഴിവാക്കേണ്ടവ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണു സ്‌റ്റോപ്പുകള്‍ കുറയ്ക്കുന്നത്.
യാത്രക്കാര്‍ കൂടുതലുളളതും ജില്ലാ ആസ്ഥാനങ്ങളിലെയും സ്‌റ്റോപ്പുകള്‍ നിലനിര്‍ത്താമെന്നാണ് ഇപ്പോഴത്തെ തീരുമാനം. അമൃത, രാജ്യറാണി, മലബാര്‍, മാവേലി എന്നിവയുടെ അസമയത്തെ സ്‌റ്റോപ്പുകള്‍ കുറയ്ക്കുന്നതു പ്രായോഗികമല്ലെന്നാണ് ദക്ഷിണ റെയില്‍വേയുടെ നിലപാട്. എന്നാല്‍ അന്തിമ തീരുമാനം ബോര്‍ഡിന്റെയാകും.
വേണാട് എക്‌സ്പ്രസിന്റെ മയ്യനാട്, ഡിവൈന്‍ നഗര്‍ സ്‌റ്റോപ്പുകള്‍ ഒഴിവാക്കിയേക്കും. പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസാകുമ്പോള്‍ നഷ്ടമാകുന്ന സ്‌റ്റോപ്പുകളാണു കേരളത്തില്‍ കൂടുതല്‍. ഇത്തരം ട്രെയിനുകള്‍ക്കു 3 മുതല്‍ 7 വരെ സ്‌റ്റോപ്പുകള്‍ കുറയും. പുനലൂര്‍ മധുര, ഗുരുവായൂര്‍-പുനലൂര്‍, കോയമ്പത്തൂര്‍ മംഗളൂരു എന്നീ പാസഞ്ചറുകളാണ് എക്‌സ്പ്രസാക്കുന്നത്. ഇവയുടെ ഹാള്‍ട്ട് സ്‌റ്റേഷനുകളിലെ സ്‌റ്റോപ്പുകള്‍ ഇല്ലാതാകും.
കൊല്ലം-പുനലൂര്‍, തൃശൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍ -നിലമ്പൂര്‍, എറണാകുളം കൊല്ലം സെക്ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകള്‍ റദ്ദാക്കും. ചിലതു പുനഃക്രമീകരിക്കും. 10.15 കൊല്ലം-ചെങ്കോട്ട, 2.10 ചെങ്കോട്ട കൊല്ലം, 12.20 എറണാകുളം-കോട്ടയം, 1.00 കായംകുളം-എറണാകുളം, 5.10 കായംകുളം -എറണാകുളം, രാത്രി 9.00 കൊല്ലം-എറണാകുളം എന്നിവയാണു തെക്കന്‍ കേരളത്തില്‍ റദ്ദാക്കാന്‍ സാധ്യതയുളള പാസഞ്ചറുകള്‍.
രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്‌റ്റോപ്പുകളുമാണു റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. രാത്രി 12നും നാലിനും ഇടയിലെ സ്‌റ്റോപ്പുകള്‍ പിന്‍വലിക്കണമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു.