കാസർകോട്: ഉപ്പളയിൽ നിർത്തിയിട്ട കാറുകളിൽ നിന്ന് 18 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി.മുമ്പും ജില്ലയിൽ നിരോധിച്ച നോട്ടുകൾ പിടികൂടിയിട്ടുണ്ട്. ഉദുമ സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെുത്തു. വാഹനങ്ങളിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഉപ്പളയിലെ ദേശീയപാതയോരത്ത് സംശയകരമായ സാഹചര്യത്തിൽ മൂന്ന് കാറുകൾ നിർത്തിയിട്ടത് കണ്ടാണ് ഹൈവേ പൊലീസ് വാഹനം നിർത്തി പരിശോധിക്കാനൊരുങ്ങിയത്.
പൊലീസിനെ കണ്ട് രണ്ട് വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടി. ഒരു സംഘം കാറിൽ മംഗളൂരു ഭാഗത്തേക്ക് ഓടിച്ചു പോയി. നിർത്തിയിട്ടിരുന്ന കാറുകളിൽ നിന്നാണ് നിരോധിച്ച ആയിരത്തിന്‍റെ നോട്ടുകെട്ടുകൾ ഹൈവേ പൊലീസ് പിടിച്ചെടുത്തത്. പതിനെട്ട് ലക്ഷം രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഉദുമ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സംഘത്തിൽ ഏട്ടു പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
നിരോധിത നോട്ടുകൾ വാങ്ങുന്ന ഏജന്‍റുമാര്‍ക്ക് കൈമാറനാണ് നോട്ടുകൾ കൊണ്ടുവന്നതെന്നാണ് പിടിയിലായവരുടെ മൊഴി. മുപ്പത് ശതമാനം കമ്മീഷൻ മുൻകൂറായി വാങ്ങി നിരോധിത നോട്ടുകൾക്ക് പകരം പണം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കാസർകോട് എസ്‍പി പറഞ്ഞു.