ശ്രീനാരയണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല ; ഒക്ടോബർ രണ്ടിന് നിലവിൽ വരും

തിരുവനന്തപുരം: ശ്രീനാരയണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. കൊല്ലമായിരിക്കും സർവ്വകലാശാലാ ആസ്ഥാനം. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ സർവകലാശാല നിലവിൽ വരും. നിലവിലെ നാല് സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ സംവിധാനം സംയോജിപ്പാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സർക്കാർ, എയ്ഡഡ് കോളേജുകളിലെ ലാബുകളും പ്രയോജനപ്പെടുത്തും. പരമ്പരാഗത ക്ലാസുകൾക്ക് പുറമെ, നൈപുണ്യ വികസന കോഴ്‌സുകളുമുണ്ടാകും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണത്തിനാണ് തുടക്കമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴ്‌സ് ഇടക്കുവെച്ച് നിർത്തിയവർക്കും അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. രാജ്യത്തെയും വിദേശത്തെയും വിദഗ്ധരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും ക്ലാസുകൾ ഓൺലൈൻ വഴി ലഭ്യമാക്കും. ശ്രീനാരായണ ഗുരുവിന് ഉചിതമായ സ്മാരകമെന്ന നിലക്കാണ് സർവകലാശാല സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലയാകുമിത്.