കോട്ടയം: നിലപാടുകളിൽ അയഞ്ഞ് യുഡിഎഫും കേരളാ കോൺഗ്രസ് ജോസ് വിഭാഗവും. രണ്ടില ചിഹ്നം കിട്ടിയതിൻ്റെ ആവേശമുണ്ടെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാകുന്ന നിലപാട് മതി എന്ന വിലയിരുത്തലിലാണ് ജോസ് വിഭാഗം. മാറിയ സാഹചര്യത്തിൽ ജോസ് വിഭാഗവുമായി ചർച്ച ഊർജിതമാക്കാൻ യുഡിഎഫ് മുസ്ലീംലീഗിനെ ചുമതലപ്പെടുത്തിയിരിക്കയാണ്.
ഇടതുമുന്നണി പ്രത്യേകിച്ച് സിപിഎം ഇപ്പോൾ കാണിക്കുന്ന സ്നേഹം വിശ്വാസത്തിലെടുക്കാവുന്നതല്ലെന്ന് ജോസ് വിഭാഗത്തിൽ നല്ലൊരു ശതമാനത്തിന് അഭിപ്രായമുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഇടതിന് അനുകൂലമല്ലെന്നും പാർട്ടിയിൽ വിലയിരുത്തലുണ്ട്. കെ എം മാണിയുടെ മരണത്തോടെ ഉരുത്തിരിഞ്ഞ സംഭവങ്ങൾ പാർട്ടി കെട്ടുറപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അധികാരമില്ലാതെ വീണ്ടും തുടരേണ്ടി വന്നാൽ നേതാക്കളും അണികളും ചോരാനിടയാകുമെന്നതും പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നു.
അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാ മണ്ഡലത്തിൽ തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കി വിജയിപ്പിച്ച് ഒരു വർഷം കഴിഞ്ഞ് ജോസ് വിഭാഗം നിലപാട് മാറ്റിയതിനെതിരേ കോൺഗ്രസിലെ ഒരു പ്രബല വിഭാഗവും ശക്തമായി രംഗത്തുണ്ട്. ജോസ് കെ മാണിയുടെ രാഷ്ട്രീയ അപക്വതയ്ക്കും ധാർഷ്ട്യത്തിനും മുന്നിൽ മുട്ടുമടക്കേണ്ടതില്ലെന്ന നിലപാടിലാണിവർ. എന്നാൽ യുവ നേതൃത്വവും അണികളും ജോസിനൊപ്പമായതിനാൽ ചില നീക്കുപോക്കുകളിലൂടെ ഒപ്പം നിർത്തണമെന്ന് വാദിക്കുന്നവരും ഏറെയുണ്ട്.
യു ഡി എഫ് ജോസ് വിഭാഗം അകൽച്ച പരിഹരിക്കാൻ മുസ്ലീം ലീഗ് മുന്‍കൈയെടുത്ത് അനുരഞ്ജന ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായി എംകെ മുനീര്‍ പികെ കുഞ്ഞാലിക്കുട്ടിയെ കാണുകയാണ്. എന്നാല്‍ ജോസ് കെ മാണി ഇത് സംബന്ധിച്ച് നിലപാട് പരസ്യമാക്കിയിട്ടില്ല. നിയമസഭയിലെ അവിശ്വാസ ചര്‍ച്ചയില്‍ വിട്ടുനിന്നതിനാല്‍ ജോസ് പക്ഷത്തെ പുറത്താക്കാനായിരുന്നു യുഡിഎഫ് ധാരണ. ഇതിൻ്റെ പശ്ചാത്തലത്തിലാണ് യു ഡി എഫ് യോഗവും വിളിച്ചത്. കാര്യങ്ങൾ മാറിമറിഞ്ഞതോടെയാണ് യുഡിഎഫ് യോഗം മാറ്റിയത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി ജോസ് പക്ഷത്തിന് അനുകൂലമായതോടെ വെട്ടിലായത് കോണ്‍ഗ്രസാണ്. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്ന ജോസ് പക്ഷത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ നിന്ന കോണ്‍ഗ്രസ് തീരുമാനം മാറ്റി. പുതിയ സാഹചര്യത്തില്‍ ജോസ്, ജോസഫ് പക്ഷങ്ങളെ മുന്നണിയില്‍ ഒന്നിച്ച് കൊണ്ടുപോകാനാണ് തീരുമാനം.
എല്‍ഡിഎഫിലേക്ക് പോയാല്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടില്ലെന്നാണ് ജോസ് പക്ഷത്തെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഉപാധികളോടെ യു ഡി എഫിലേക്ക് മടങ്ങിവരാനാണ് ആലോചന. വിധി അനുകൂലമായതോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളടക്കം മറുകണ്ടം ചാടിയവരില്‍ ഭൂരിഭാഗവും തിരിച്ചു വരുമെന്നും ജോസ് പക്ഷം പ്രതീക്ഷിക്കുന്നു. ചര്‍ച്ചയ്ക്ക് വഴി തുറന്നാല്‍ ജോസഫ് പക്ഷത്തെ എംഎല്‍എ മാരെ അയോഗ്യരാക്കാനുള്ള നീക്കവും ജോസ് പക്ഷം ഉപേക്ഷിക്കും.
അതേസമയം വിധിക്ക് പിന്നാലെ യു ഡി എഫും കോണ്‍ഗ്രസും നിലപാട് മാറ്റുന്നതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തുന്നതിനോട് എതിര്‍പ്പില്ല. പക്ഷെ അതിന്റ പേരില്‍ ഒരു വിട്ടു വീഴ്ചയും ഉണ്ടാകിലെന്നാണ് മുന്നറിയിപ്പ്. വിധിക്കെതിരെ എത്രയും വേഗം സ്‌റ്റേ വാങ്ങാനുള്ള തയാറെടുപ്പിലാണ് ജോസഫ് വിഭാഗം.