മൊറട്ടോറിയം ; തീരുമാനം ബാങ്കുകൾക്ക് വിടണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡെൽഹി : മൊറട്ടോറിയം പ്രഖ്യാപിച്ച ബാങ്ക് വായ്പകള്‍ക്ക് പിഴപ്പലിശ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ബാങ്കുകള്‍ക്കു വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക രംഗം സമ്മര്‍ദത്തിലാണെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. പിഴപ്പലിശ ഒഴിവാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

സാമ്പത്തിക രംഗം സമ്മര്‍ദത്തിലാണ്. പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും ബാങ്കേഴ്‌സ് അസോസിയേഷനെയും തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നാണ് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടത്. വായ്പയെടുത്തവര്‍, കൂടുതല്‍ പ്രയാസം നേരിടുന്ന മേഖലകള്‍ എന്നിവയൊക്കെ കണക്കിലെടുത്ത് ഒരു തീരുമാനത്തിലെത്താം” – തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

‌മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്ക് പിഴപ്പലിശ ഈടാക്കാന്‍ ബാങ്കുകളെ അനുവദിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ആഗ്ര സ്വദേശിയായ ഗജേന്ദ്ര ശര്‍മയാണ് കോടതിയെ സമീപിച്ചത്.

പിഴപ്പലിശ ഈടാക്കുന്നത് മൊറട്ടോറിയത്തിന്റെ ലക്ഷ്യങ്ങള്‍ക്കു തന്നെ വിരുദ്ധമാണെന്ന് വാദം കേള്‍ക്കലിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും ദുരന്ത നിവാരണ നിയപ്രകാരം അതിനു സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.