മിന്നല്‍ മുരളി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

കൊച്ചി: മിന്നല്‍ മുരളി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന സിനിമ നിരോധിക്കണമെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി സൈബര്‍ ഇടങ്ങളില്‍ ആവശ്യപ്പെട്ടു. തീപിടിച്ച് ഓടി മറയുന്ന ടോവിനോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി എറണാകുളം കാലടിയില്‍ ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റ് ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 80 ലക്ഷം രൂപയുടെ നഷ്ടം സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായതായി പൊലീസ് റിപോർട്ടുണ്ടായിരുന്നു.

രാഷ്ട്രീയ ബജ്റംഗദളിന്‍റെ മാത്യ സംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്‍റെ നേത്യത്വത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്നതിന് ഗൂഡാലോചന നടത്തി സിനിമാസെറ്റ് തകര്‍ത്തുവെന്ന് ചൂണ്ടികാട്ടിയാണ് പൊലിസ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

കേസിലെ മുഖ്യപ്രതി വിഎഎച്ച്പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ, സന്ദീപ്, ഗോകുല്‍, രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്.

മലയാളവും ഇംഗ്ലീഷും ഉൾപ്പെടെ ആറു ഭാഷകളിലുള്ള പോസ്റ്ററുകളാണ് മിന്നൽ മുരളി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുഗ് ഭാഷകളിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പവി ശങ്കറാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഷാൻ റഹ്മാന്‍. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ടോവിനോയോടൊപ്പം ചിത്രത്തിൽ വേഷമിടും.