വഴിയോര വിശ്രമകേന്ദ്ര തട്ടിപ്പ് എന്തെന്നു പോലും മന്ത്രിക്കറിയില്ല; ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്കൊന്നും മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടുത്ത പ്രധാന അഴിമതി വഴിയോര വിശ്രമകേന്ദ്രങ്ങളാണ്. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവയോട് ചേർന്ന് കിടക്കുന്ന 14 കണ്ണായ സ്ഥലങ്ങൾ വഴിയോര വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാനെന്ന പേരിൽ സ്വകാര്യകമ്പനികൾക്ക്‌ കൈമാറാൻ സർക്കാർ കരുക്കൾ നീക്കുകയാണ്. നിയമസഭയിൽ ഉന്നയിച്ച കാര്യമെന്തെന്നു പോലും പൊതുമരാമത്ത് മന്ത്രിക്ക് മനസിലായില്ലെന്ന് പത്രസമ്മേളനത്തിൽ ചെന്നിത്തല പരിഹസിച്ചു.

സംസ്ഥാനത്തെ ജനങ്ങളുടെ ആകെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കപ്പെടേണ്ട പൊതുമുതലുകളൊക്കെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുകയാണ് പിണറായി സർക്കാർ. ഒരേക്കറിലധികം ഭൂമി വീതമാണ് പതിനാല് സ്ഥലങ്ങളിലായി വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ എന്ന പേരിൽ ക്രമവിരുദ്ധമായി ടെൻഡർ വിളിച്ചു നൽകാൻ പൊതുമരാമത്ത് വകുപ്പ് അനുമതി കൊടുത്തിരിക്കുന്നത്. ഈയിടെ നടന്നിട്ടുള്ള എല്ലാ ക്രമക്കേടുകളിലും എന്ന പോലെ ഇവിടെയും മുഖ്യമന്ത്രിയുടെ സാന്നിധ്യം പ്രകടമാണ്.

2019 ഡിസംബർ 12ൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് പൊതുമേഖല സ്ഥാപനമായ IOCയുടെ അപേക്ഷ നിരാകരിച്ചുകൊണ്ട് കുറഞ്ഞ തുകയ്ക്ക്‌ സ്വകാര്യവ്യക്തികൾക്ക്‌ സ്ഥലം കൈമാറാനുള്ള വിചിത്രമായ തീരുമാനമെടുത്തത്. ധനവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് പാട്ടത്തുക പുതുക്കി നിശ്ചയിച്ചെങ്കിലും, സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറാനുള്ള നടപടിയിൽ നിന്നും സർക്കാർ പിന്മാറിയിട്ടില്ല.

പൊതുമേഖലയുടെ വികസനത്തെയും നിലനിൽപ്പിനേയും പറ്റി നിരന്തരം വാചാലനാകുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് പൊതുമേഖലയെ അകാരണമായി പുറത്താക്കി, സ്വകാര്യ വ്യക്തികൾക്ക്‌ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചു എന്ന് പൊതുമന:സാക്ഷിയോട് വ്യക്തമാക്കേണ്ടതുണ്ടെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.