പൂവാറിലെ സഹകരണ ബാങ്കിൽ സ്വപ്നക്ക് 25 ലക്ഷവും സന്ദീപിന് 10 ലക്ഷവും നിക്ഷേപം; കൂടുതൽ സാമ്പത്തിക ഇടപാടുകൾ പുറത്ത്

തിരുവനന്തപുരം: പൂവാറിലെ സഹകരണ ബാങ്കിൽ സ്വപ്നക്ക് 25 ലക്ഷവും സന്ദീപിന് 10 ലക്ഷവും നിക്ഷേപമുണ്ടെന്ന് കണ്ടെത്തൽ. സരിത്തിന്‍റെയും അച്ഛന്‍റെയും പേരിൽ മുട്ടത്തറയിൽ 15 ലക്ഷത്തിന്‍റെയും നിക്ഷേപമുണ്ട്. എൻഐഎ പിടികൂടിയപ്പോൾ സ്വപ്നയുടെ ബാഗിൽ ഈ ബാങ്കുകളിലെ നിക്ഷേപത്തിന്‍റെ രേഖകളുണ്ടായിരുന്നു. സഹകരണ ബാങ്കുകളിലാണ് ഇവര്‍ക്ക് നിക്ഷേപങ്ങളുള്ളത്. കൂടുതൽ സാമ്പത്തിക ഇടപാടുകൾ പുറത്ത് വരുമെന്നാണ് സൂചന. ഈ നിക്ഷേപങ്ങലിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവർക്ക് പൂവാർ, മുട്ടത്തറ എന്നിവടങ്ങളിലെ ബാങ്കുകളിലാണ് നിക്ഷേപമുള്ളത്. അതിനിടെ ചാർട്ടേഡ് അക്കൗണ്ട് വേണുഗോപാൽ അയ്യര്‍, ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റിന് നൽകിയ നിർണായക മൊഴിയും പുറത്ത് വന്നു. സ്വപ്നയെ ഓഫീസിൽ കൊണ്ടു വന്ന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും ഒന്നിച്ച് ലോക്കർ തുടങ്ങാനും നിർദ്ദേശിച്ചുവെന്നും ചാർട്ടേഡ് അക്കൗണ്ട് എന്‍ഫോഴ്സ്മെന്‍റിന് നൽകിയ മൊഴിയിൽ പറയുന്നു.

നേരത്തെ ഒന്നിച്ച് ലോക്കര്‍ തുറക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നുമായിരുന്നു ശിവശങ്കറിന്‍റെ മൊഴി. എന്നാൽ ഈ വാദങ്ങളെ തള്ളുന്നതാണ് ചാർട്ടേഡ് അക്കൗണ്ട് നൽകിയ മൊഴി. ‘മണിക്കൂറുകളോളം ഓഫീസിൽ ശിവശങ്കറിന്‍റെ സാനിധ്യത്തിൽ സ്വപ്നയുമായി സംസാരിച്ചു. ചര്‍ച്ചകളിൽ ശിവശങ്കര്‍ പങ്കാളിയായിരുന്നു. ജോയിന്‍റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നു. പിന്നീട് പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിൻവലിച്ചു. തുടര്‍ന്ന് അക്കൗണ്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തന്‍റെ കുറച്ച് സ്വര്‍ണാഭരണങ്ങൾ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന അന്ന് പറഞ്ഞത്.

അന്വേഷണ ഏജൻസികൾ ഈ ജോയിന്‍റ് അക്കൗണ്ടിൽ നിന്നും 64 ലക്ഷവും സ്വര്‍ണ്ണവുമായിരുന്നു പിടികൂടിയത്’. എന്നാൽ അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുകയെ കുറിച്ച് അറിയില്ലെന്നുമാണ് ചാർട്ടേഡ് അക്കൗണ്ട് നൽകിയ മൊഴി.