കൊച്ചി: പുതിയ വിദ്യാഭ്യാസ നയം ഉന്നത വിദ്യാഭ്യാസ രംഗത്തെ മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിൽ പെട്ട വിദ്യാഭ്യാസ മേഖല നാളിതുവരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ ഇടപെടാവുന്നതും നയപരമായ തീരുമാനങ്ങൾ എടുക്കാവുന്നതുമായ ഒരു മേഖലയായിരുന്നു. എന്നാൽ പുതിയ വിദ്യാഭ്യാസ നയം ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് കേന്ദ്ര സർക്കാരിന് വിദ്യാഭ്യാസ മേഖലയിൽ അമിത അധികാരം നൽകാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ ഓഫ് കേരള സംഘടിപ്പിച്ച ‘പുത്തൻ വിദ്യാഭ്യാസ നയവും ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളിയും’ എന്ന വിഷയത്തെ ആസ്പദമാക്കി ന ടന്ന ഏകദിന വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുജിസിയെ മാറ്റി ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ രൂപീകരണം ഉന്നത വിദ്യാഭ്യാസം സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലേക്ക് എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ സർവകലാശാലകളുടെ കടന്നുവരവ് സാമ്പത്തിക ഭദ്രത ഉള്ള വിദ്യാർത്ഥികൾക്ക് ഗുണപരമായ വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കുമെങ്കിലും ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാമൂഹിക, സാമ്പത്തികമായി പിന്നാ ക്കം നിൽക്കുന്നവർക്കും ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കി. പുതിയ നയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമത്വം, നീതി എന്നിവ ഇല്ലാതാകുന്നതിൽ കലാശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഹമ്മദ് കബീർ എം. എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
മുൻ അലിഗഡ് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.പി.കെ അബ്ദുൽ അസീസ്, പ്രൊഫ.ജോസ് ജോസഫ്, ഡൽഹി ജെഎൻയുവിലെ ഡോ. ബർട്ടൻ ക്ളീറ്റസ് എന്നിവർ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു.
കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ ഓഫ് കേരള പ്രസിഡണ്ട് പ്രൊഫ. കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജ്യോതികുമാർ ചാമക്കാല, പ്രൊഫ. ജുനൈദ് ബുഷി രി , ഡോ . സി. വിനോദൻ, ആർ. എസ്. ശശികുമാർ എന്നിവർ ചർച്ചകൾക്ക് നേത്യത്വം നൽകി.