സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സിബിഐ അന്വേഷിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്

ന്യൂഡെൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സിബിഐ അന്വേഷിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. തനിക്കെതിരായ എഫ്ഐആർ പറ്റ്നയിൽ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവർത്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്.

സിആർ‌പി‌സി സെക്ഷൻ 406 പ്രകാരമാണ് ജസ്റ്റിസ് ഹൃഷികേശ് റോയ് വിധി പ്രസ്താവിച്ചത്. 35 പേജടങ്ങുന്ന വിധിയിൽ അന്വേഷണത്തിന് സിബിഐയെ സഹായിക്കാൻ മുംബൈ പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

 എല്ലാ തെളിവുകളും മുംബൈ പോലീസ് സിബിഐക്ക് കൈമാറും. വിധിയെ ചോദ്യം ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ അഭിഭാഷകൻ അനുമതി ചോദിച്ചെങ്കിലും  കോടതി ഇത് നിഷേധിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ബീഹാർ സർക്കാരിന് കഴിയുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബിഹാർ പോലീസിന്റെ എഫ്ഐആർ സമ്പൂർണമാണെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ ഇതനുസരിച്ച് സിബിഐക്ക് കഴിയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസന്വേഷണത്തിൽ മഹാരാഷ്ട്ര പോലീസ് പൂർണമായും സഹകരിക്കണമെന്നും ഇതുവരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി അംഗീകരിച്ചു. സുശാന്തിന്റെ മുൻ കാമുകി റിയ ചക്രബർത്തിക്കും കുടുംബത്തിനും എതിരായായിരുന്നു പരാതി. സുശാന്തിനെ നടിയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസ് അന്വേഷിക്കാൻ ബീഹാർ പോലീസിന് അധികാരമില്ലെന്നും നടന്റെ മരണം സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും റിയ കുറ്റപ്പെടുത്തിയിരുന്നു.

മകന്റെ ആത്മഹത്യയ്ക്ക് റിയ ചക്രവർത്തിയാണ് ഉത്തരവാദിയെന്ന് രജ്പുതിൻ്റെ പിതാവ് കെ കെ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പട്ന പോലീസ് ജൂലൈ 25 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. രജ്പുതിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ചക്രബർത്തി അനധികൃതമായി 15 കോടി രൂപ കൈമാറിയതായും സിംഗ് ആരോപിച്ചു . എന്നാൽ എല്ലാ ആരോപണങ്ങളും നിഷേധിച്ച താരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ച അന്വേഷണവുമായി സഹകരിക്കാമെന്ന് പറഞ്ഞിരുന്നു.

ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ ബാന്ദ്രയിൽ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചരിത്രപരമായ വിധി ആണെന്ന് സുശാന്ത് സിംഗ് രജ്പുത്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിംഗ് അഭിപ്രായപ്പെട്ടു.