തിരുവനന്തപുരം: ബാറുകളുടെ ലൈൻസ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളിൽനിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും സർക്കാർ തീരുമാനം. പബ്ബുകൾ തുടങ്ങാനുള്ള തീരുമാനം തൽക്കാലത്തേക്കില്ല. പുതുതായി ബ്രൂവറികൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്നും ഏകദേശ തീരുമാനമായി. ഇടതു സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ കരടിലാണ് ഇതുസംബന്ധിച്ച സൂചന. ഇന്നത്തെ മന്ത്രി സഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായി അറിയുന്നു.
പബ്ബ് തുടങ്ങാനുള്ള നീക്കത്തിനെതിരേ വ്യാപകമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് തൽക്കാലത്തേക്ക് ഇത് വേണ്ടെന്ന് വച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മദ്യനയം വിവാദമാകരുതെന്ന് സിപിഎം സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനം സർക്കാരെടുത്തത്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോർഡ് നിലവിൽ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്. ബാർ ലൈൻസുള്ള ക്ലബുകളുടെ വാർഷിക ലൈൻസ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തിൽ വ്യവസ്ഥയുണ്ട്.
ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും ആരംഭിക്കാൻ സർക്കാർ ഉദ്ദേശിച്ചത്. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.