കൊച്ചി : കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ അടയ്ക്കാന്‍ ഉത്തരവിടണമെന്നും, വിമാനദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഏതു രീതിയിലാണ് അപകടം സംഭവിച്ചത് എന്നതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വിമാനദുരന്തത്തെക്കുറിച്ച് നിലവില്‍ വ്യോമയാനമന്ത്രാലയം നടത്തുന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം അല്ല വേണ്ടത്. പകരം സ്വതന്ത്രവും നിഷ്പക്ഷവുമായ തുറന്ന അന്വേഷണം വേണം. കോടതിയുടെ മേല്‍നോട്ടത്തില്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാകണം അന്വേഷണം.
വിമാനത്താവളം ഉടന്‍ അടയ്ക്കാന്‍ ഉത്തരവിടണമെന്നും കേരള ഹൈേക്കാടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നത് വരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലെ നിര്‍മ്മാണപ്പിഴവുകള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അഡ്വ.യശ്വന്ത് ഷേണായിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 18 പേരാണ് മരിച്ചത്.