തിരുവനന്തപുരം: സംസ്ഥാനത്തെ 1212 കൊറോണ രോഗികളില്‍ 266 പേരും തിരുവനന്തപുരത്ത്. സമ്പർക്കത്തിലൂടെയാണ് ജില്ലയിൽ ഏറെ പേർക്കും രോഗബാധയുണ്ടായത്. തലസ്ഥാനത്ത് ഒരു മാസമായി കൊറോണ രോഗികളുടെ എണ്ണം കുറവില്ലാതെ തുടരുകയാണ്. തലസ്ഥാന ജില്ലയിലെ പാലോട് മേഖലയിൽ കൊറോണ വൈറസ് വ്യാപനം കൂടുന്നു. 77 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇതിൽ പതിനൊന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേര് പാലോട് പ്ലാവറയിൽ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ്. ഒരാൾ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് കൊറോണ പൊസിറ്റീവ് ആണെന്ന് തെളിഞ്ഞത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേര് പെരിങ്ങമല സ്വദേശികളാണ്. പാലോട് പ്ലാവറ പെരിങ്ങമല മേഖലകളിലെല്ലാം കര്‍ശനമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും പുരോഗമിക്കുന്നുണ്ട്.
ആന്റിജന്‍ പരിശോധനയിൽ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 1200 തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ളത്.
ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും കൊറോണ പരിശോധന നടത്തും. ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ കൊറോണ കേസുകള്‍ സ്ഥിരീകരിക്കുന്നത്.രോഗബാധിതരെ താത്കാലികമായ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ജയിലില്‍ സിഎഫ്എല്‍ടിസി സജ്ജമാക്കി രോഗബാധിതരെ പിന്നീട് അവിടേക്ക് മാറ്റും.
തലസ്ഥാനത്തെ അഞ്ച് പൊലീസുകാർ കൂടി കൊറോണ ബാധിതരായി.ലാര്‍ജ് ക്ലസ്റ്ററായ അഞ്ചുതെങ്ങില്‍ 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി മേഖലയിലാണ് ഇന്ന് പരിശോധന നടത്തിയത്. 34 പേരില്‍ നടത്തിയ പരിശോധനയിലാണ് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൂവച്ചലില്‍ ഇന്ന് എട്ടുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.