പത്തനംതിട്ട: പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു. കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുന്ന സാഹചര്യവും കണക്കിലെടുത്താണ് ഷട്ടറുകൾ തുറന്നത്. എട്ട് മണിക്കൂർ ഷട്ടറുകൾ തുറന്നിടും. ആറു ഷട്ടറുകളും രണ്ട് അടി വീതമാണ് തുറന്നത്. ഇതേതുടർന്നു പത്തനംതിട്ടയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് 983.5 മീറ്റര്‍ ആയിരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് നേരത്ത ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. 985 മീറ്റര്‍ എത്തുമ്പോൾ ഡാം തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്. രാത്രിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് അണക്കെട്ട് തുറന്നാൽ ജനങ്ങൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഷട്ടർ നേരത്തേ തുറക്കാൻ നിർദേശം നൽകിയതെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.
16 അടി ഉയർത്താൻ സാധിക്കുന്ന ഷട്ടറുകളാണ് ഇവിടെയുള്ളത്. രണ്ട് അടി ഷട്ടർ ഉയർത്തുന്നതോടെ സെക്കന്റിൽ 82 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്കൊഴുകും.
ഷട്ടർ തുറന്നതോടെ പമ്പയിൽ 40 സെന്റീമീറ്റർ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷട്ടർ തുറന്നാൽ അഞ്ച് മണിക്കൂറിനുള്ളിൽ വെള്ളം റാന്നിയിലെത്തും.ഈ സാഹചര്യത്തിൽ റാന്നിയിൽ ജാഗ്രാതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴഞ്ചേരി, ആറൻമുള എന്നിവിടങ്ങളിലൂടെ നാളെ ഉച്ചയോടെ ജലം തിരുവല്ലയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. അണക്കെട്ട് തുറന്നാൽ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഗണ്യമായി ഉയരുമെങ്കിലും 2018 നിലയിൽ ഭീഷണിയുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അടിയന്തിര സാഹചര്യം നേരിടാൻ 22 അംഗ ദേശീയ ദുരന്തനിവാരണ സേന റാന്നിയിലുണ്ട്. റാന്നിയിലും കോഴഞ്ചേരിയിലും അഞ്ചു ബോട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. തിരുവല്ലയിലേക്ക് എട്ട് ബോട്ടുകൾ ഉടനെത്തും.
അതേ സമയം മണിമലയാറ്റിലും അച്ചൻകോവിലിലും ജലനിരപ്പ് ഉയർന്നത് ഭീഷണിയായിട്ടുണ്ട്.അച്ചൻകോവിലിൽ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും മണിമലയാറ്റിൽ ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പത്തനംതിട്ട, പന്തളം പ്രദേശങ്ങളെ ഇത് ബാധിക്കാനിടയുണ്ടെന്നാണ് സൂചന.
കനത്ത മഴയേതുടർന്ന് തിരുവല്ലയിൽ വെള്ളപ്പൊക്കം. എംസി റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവല്ല കുറ്റൂർ, നിരണം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. വെള്ളം തോട്ടപ്പള്ളി സ്പിൽവേ വഴി കടലിലേക്ക് പോയാൽ മാത്രമേ അപ്പർ കുട്ടനാടൻ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങുന്ന സാഹചര്യമുണ്ടാവുകയുള്ളു.