പത്തനംതിട്ട: പമ്പ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കാൻ നിർദ്ദേശം നൽകി. രാത്രിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് അണക്കെട്ട് തുറന്നാൽ ജനങ്ങൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഷട്ടർ നേരത്തേ തുറക്കാൻ നിർദേശം നൽകിയതെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു അണക്കെട്ടിന്റെ ആറ് ഷട്ടറുകളും രണ്ട് അടിവീതം ഉയർത്തും. എട്ട് മണിക്കൂറെങ്കിലും ഷട്ടറുകൾ തുറന്ന് വയ്ക്കും. 16 അടി ഉയർത്താൻ സാധിക്കുന്ന ഷട്ടറുകളാണ് ഇവിടെയുള്ളത്. രണ്ട് അടി ഷട്ടർ ഉയർത്തുന്നതോടെ സെക്കന്റിൽ 82 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്കൊഴുകും. പമ്പാ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
ഷട്ടർ തുറക്കുന്നതോടെ പമ്പയിൽ 40 സെന്റീമീറ്റർ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷട്ടർ തുറന്നാൽ അഞ്ച് മണിക്കൂറിനുള്ളിൽ വെള്ളം റാന്നിയിലെത്തും.ഈ സാഹചര്യത്തിൽ റാന്നിയിൽ ജാഗ്രാതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴഞ്ചേരി, ആറൻമുള എന്നിവിടങ്ങളിലൂടെ നാളെ ഉച്ചയോടെ ജലം തിരുവല്ലയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. അണക്കെട്ട് തുറന്നാൽ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഗണ്യമായി ഉയരുമെങ്കിലും 2018 നിലയിൽ ഭീഷണിയുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അടിയന്തിര സാഹചര്യം നേരിടാൻ 22 അംഗ ദേശീയ ദുരന്തനിവാരണ സേന റാന്നിയിലുണ്ട്. റാന്നിയിലും കോഴഞ്ചേരിയിലും അഞ്ചു ബോട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. തിരുവല്ലയിലേക്ക് എട്ട് ബോട്ടുകൾ ഉടനെത്തും.
അതേ സമയം മണിമലയാറ്റിലും അച്ചൻകോവിലിലും ജലനിരപ്പ് ഉയർന്നത് ഭീഷണിയായിട്ടുണ്ട്.അച്ചൻകോവിലിൽ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും മണിമലയാറ്റിൽ ജലനിരപ്പ് കുറയാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പത്തനംതിട്ട, പന്തളം പ്രദേശങ്ങളെ ഇത് ബാധിക്കാനിടയുണ്ടെന്നാണ് സൂചന.
കനത്ത മഴയേതുടർന്ന് തിരുവല്ലയിൽ വെള്ളപ്പൊക്കം. എംസി റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവല്ല കുറ്റൂർ, നിരണം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. വെള്ളം തോട്ടപ്പള്ളി സ്പിൽവേ വഴി കടലിലേക്ക് പോയാൽ മാത്രമേ അപ്പർ കുട്ടനാടൻ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങുന്ന സാഹചര്യമുണ്ടാവുകയുള്ളു.
എന്നാൽ അണക്കെട്ട് തുറക്കുന്നത് വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. നീരൊഴുക്ക് കാര്യമായി ഉണ്ടാകില്ലെന്ന് മാത്രവുമല്ല ചെറിയ ഡാമുകൂടിയായതിനാൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.
ഇടുക്കി ഉൾപ്പടെ പ്രധാന ഡാമുകളിൽ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയര്മാൻ എൻ എസ് പിള്ള പറഞ്ഞു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നുണ്ട്. എന്നാൽ ക്രമാതീതമായി വെള്ളം തുറന്ന് വിടേണ്ട സാഹചര്യമൊന്നും നിലവിലില്ലെന്നും കെഎസ്ഇബി ചെയര്മാൻ വിശദീകരിച്ചു.