കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗ്യാപ്പ് റോഡ് ഭാഗികമായി തകർന്നു; കിലോമീറ്ററുകൾ ഒലിച്ചുപോയി

ദേവികുളം: അശാസ്ത്രീയ റോഡുനിർമ്മാണം അതിവേഗം പുരോഗമിക്കുന്ന കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗ്യാപ്പ് റോഡ് ഭാഗത്ത് നാലു കിലോമീറ്റർ ഭാഗീകമായി ഒലിച്ചുപോയി. മുന്നൂർ മീറ്ററോളം പൂർണമായി തകർന്നെന്നാണ് റിപ്പോർട്ട്. കിളവിപ്പാറ മുതൽ സൊസൈറ്റി മേട് വരെയുള്ള ഭാഗമാണ് തകർന്നത്. ഇന്നലെ രാത്രി തുടർച്ചായി ഉണ്ടായ ഉരുൾപൊട്ടലും നിലയ്ക്കാതെ പെയ്യുന്ന മഴയുമാണ് പ്രദേശത്ത് നാശം വിതച്ചത്.

വ്യാഴാഴ്ച്ച രാത്രി പത്തോടെയാണ് ദേശീയപാതയിലെ ലോക്ക് ഹാർട്ട് ഭാഗത്ത് ഭീകരമായ ശബ്ദത്തോടെ മലയിടിച്ചിൽ ഉണ്ടായത്. ഇതെ തുടർന്ന് ബൈസൺവാലി സൊസൈറ്റിമേട്ടിൽ വ്യാപക നാശമുണ്ടായി. ഒരു വീട് തകർന്നു. പ്രദേശത്തെ ഏക്കറുകണക്കിന് സ്ഥലത്തെ ഏലം, കുരുമുളക്, വാഴ, ജാതി ഉൾപ്പെടെയുള്ള കൃഷികൾ നശിച്ചു. കറ്റോത്തുകുടി പുന്നൂസിൻ്റെ വീടാണ് തകർന്നത്. കുടുംബാംഗങ്ങൾ ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. മല വെള്ളത്തോടൊപ്പം പാറകളും, ചെളിയും, തടി ഉൾപ്പെടെയുള്ളവയും അഞ്ച് കിലോമീറ്ററോളം താഴേയ്ക്ക് ഒഴുകിയെത്തി.

മലവെള്ളപാച്ചിൽ തുടരുന്നതിനാൽ സൊസൈറ്റിമേട് ,മുട്ടുകാട് ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ ഭീതിയിലാണ്. ഇവിടെ വ്യാഴാഴ്ച രാത്രി ഒരു മണിക്കൂറിനിടെ നാലു തവണ മലയിടിഞ്ഞതായും തുടർച്ചായി വൻശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. മുട്ടുകാട് പാടശേഖരത്തിൽ വൻതോതിൽ വെള്ളം കയറി. കഴിഞ്ഞ രാത്രിയിലും ഗ്യാപ്പിൽ മലയിടിഞ്ഞ് കിളവിപ്പാറ ഭാഗത്തെ നിരവധിപ്പേരുടെ കൃഷിയിടം നശിച്ചിരുന്നു

ഉരുൾപൊട്ടുമ്പോൾ കറ്റോത്തുകുടി പുന്നൂസും രണ്ട് പെൺമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ചെക്രമുടി മലമുകളിൽ താമസിച്ചിരുന്ന ബിജു എന്നയാൾ മൊബൈലിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഇവർ പുറത്തേയ്ക്ക് ഓടി രക്ഷപെടുകയായിരുന്നു. വീട് ഏറെക്കുറെ പൂർണ്ണമായി തകർന്ന നിലയിലാണ്.ഇത് ഏതുനിമിഷവും നിലംപൊത്താനിടയുണ്ട്.

മുട്ടുകാട് പാടശേഖരത്തിൽ വ്യാപകമായി വെള്ളവും ചെളിയും കയറി. മഠംപടി പാലം കവിഞ്ഞൊഴുകുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാനാകുന്നില് ബൈസൺവാലിയെ മുട്ടുകാടുമായി ബന്ധിപ്പിക്കുന്ന അംഗൻവാടി പാലം കല്ലും ചെളിയും അടിഞ്ഞതിനെത്തുടർന്ന് നികന്നു. പുഴ ഗതിമാറി ഒഴുകി മൈലൻപറമ്പിൽ പാപ്പച്ചൻ്റെ വീട്ടിൽ വെള്ളം കയറി. നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി വരുന്നതേയുള്ളു. അടിവാരത്തെ കുടുംബങ്ങൾ മറ്റിടങ്ങളിലേയ്ക്ക് താൽക്കാലികമായി മാറിയിരിക്കുകയാണ്.

അതേ സമയം സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് അടക്കം കർശനമായ നിയന്ത്രണങ്ങൾ ഉള്ള ഇവിടെ ദേശീയ പാത നിർമ്മാണത്തിന് വ്യാപകമായി പാറ പൊട്ടിച്ചതും മണ്ണ് നിരത്തിയതുമാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു.