കനത്ത മഴ തുടരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മൂന്നാറിൽ 229 മില്ലിമീറ്ററും പീരുമേട്ടിൽ 297 മില്ലിമീറ്ററും മഴ

തൊടുപുഴ: അതിതീവ്രമഴ പെയ്ത ഇടുക്കിയിലെ മൂന്നാറിലും പീരുമേട്ടിലും 24 മണിക്കൂറിനുളളില്‍ ലഭിച്ചത് 200 മില്ലിമീറ്ററില്‍ അധികം മഴ. ഇന്നലെ രാവിലെ 8.30 മുതല്‍ ഇന്ന് രാവിലെ 8.30 വരെയുളള കണക്ക് പരിശോധിച്ചാല്‍ മൂന്നാറില്‍ മാത്രം 229 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പീരുമേട്ടില്‍ ഇത് 297 മില്ലിമീറ്ററാണ്.

ഇരു പ്രദേശങ്ങളിലും കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചിലില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആറുപേരെ രക്ഷപ്പെടുത്തി. കണ്ണന്‍ദേവന്റെ പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലാണ് പുലര്‍ച്ചെ മണ്ണിടിഞ്ഞ് വീണത്. മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന.

ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ പീരുമേട് താലൂക്കില്‍ കൃഷിനാശം വ്യാപകമാണ്. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ആളപായമില്ല. വൈദ്യുതിബന്ധം നിലച്ചിട്ടു ദിവസങ്ങള്‍ കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലം തകരാറുകള്‍ പരിഹരിക്കാന്‍ ജീവനക്കാര്‍ക്കു കഴിയുന്നില്ല.

വീടുകളുടെ മേല്‍ക്കൂരകള്‍ കാറ്റ് പറത്തി. മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവ കാറ്റില്‍ കടപുഴകി. വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞത് അപകട സാധ്യത ഉയര്‍ത്തുന്നു. മഴയും കാറ്റും തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ചെറുകിട, വന്‍കിട എസ്‌റ്റേറ്റുകളില്‍ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.