സംസ്ഥാനത്ത് കാലവർഷം കനക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല: കേന്ദ്ര ജല കമ്മീഷൻ അം​ഗം ആർ കെ സിൻഹ

ന്യൂഡെൽഹി: സംസ്ഥാനത്ത് കാലവർഷം കനക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ജല കമ്മീഷൻ അം​ഗം ആർ കെ സിൻഹ പറഞ്ഞു. 2018ൽ സംഭവിച്ചതുപോലെയുള്ള കാര്യങ്ങൾ ഇപ്പോഴത്തെ മഴയെത്തുടർന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡാമുകൾ നിറഞ്ഞു കവിയുന്ന സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ അതിതീവ്ര മഴയിൽ കേരളത്തിലെ ചില നദികളിൽ ജലനിരപ്പ് വലിയ രീതിയിൽ ഉയരും. എന്നാൽ ഡാമുകളിൽ വെള്ളം ശേഖരിക്കാൻ ശേഷിയുണ്ട്. പല ഡാമുകളിലും ജലനിരപ്പ് താഴെയാണ്. അതുകൊണ്ട് അതിതീവ്ര മഴയുണ്ടായാലും പ്രളയസമാന സാഹചര്യം ഉണ്ടാവില്ലെന്നും ആർ കെ സിൻഹ പറഞ്ഞു.

അതേസമയം കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 6 ന് ഇടുക്കി, വയനാട് ജില്ലകളിലും ഓഗസ്റ്റ് 7 ന് മലപ്പുറം ജില്ലയിലും ഓഗസ്റ്റ് 8 ന് ഇടുക്കിയിലും ഓഗസ്റ്റ് 9 ന് വയനാട്ടിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 മിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.