തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറെ ക്രമസമാധാന ചുമതലയുള്ള സംസ്ഥാന പോലീസ് മേധാവിയുടെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സർക്കാർ നീക്കം.
ഇതിനായി ഡിജിപി പദവിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി പദവിയിലേക്ക് തരംതാഴ്ത്തണമെന്ന ഡിജിപിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കായി അയച്ചുവെന്നാണ് സൂചന. വിജിലൻസിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്തുന്നതാകും ഡിജിപിയുടെ ശിപാർശ. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിട്ടുള്ള രണ്ട് കേഡര്‍ തസ്തികകളാണ് ക്രമസമാധാന ചുമതലയുള്ള ഡിജിപിയും വിജിലന്‍സ് ഡയറക്ടറുടെ ഡിജിപി തസ്തികയും. വിജിലന്‍സ് ഡയറക്ടറുടെ തസ്തിക എഡിജിപി പദവിയിലേക്ക് താഴ്ത്തിയ ശേഷം അപ്രധാനമായ ജയില്‍ വകുപ്പ് മേധാവി, അഗ്നിരക്ഷാസേന മേധാവി എന്നീ പദവികളിലൊന്ന് ഡിജിപി തസ്തികയ്ക്ക് തുല്യമായി ഉയര്‍ത്താനാണ് ഡിജിപി ശുപാര്‍ശ ചെയ്യുന്നത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ വിജിലൻസിനെ ആയുധമാക്കി മുൻ സർക്കാരിനെയും മന്ത്രിമാരെയും മുൾമുനയിൽ നിർത്തുക എന്നതന്ത്രമാണ് ഇതിന് പിന്നില്ലെന്ന് സൂചനയുണ്ട്.
എന്നാൽ ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി ഐപിഎസ് ഉദ്യോഗസ്ഥരും രംഗത്ത് എത്തിയിട്ടുണ്ട്.
എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ടായി.
കേരള പൊലീസിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിലെ അഴിമതികളും ക്രമക്കേടുകളും അന്വേഷിക്കുന്ന വിജിലന്‍സിന്റെ മേധാവിയെ സംസ്ഥാന പൊലീസ് മേധാവിക്ക് താഴെ കൊണ്ടു വരാനുള്ള നീക്കത്തോട് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഡിജിപി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
നിലവില്‍ ഡിജിപിക്ക് തുല്യമായ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ എഡിജിപി അനില്‍ കാന്താണ് ഒന്‍പത് മാസമായി പ്രവര്‍ത്തിച്ചു വരുന്നത്. കേന്ദ്രസര്‍ക്കാര്‍ എക്സ് കേഡര്‍ പദവിയായി അംഗീകരിച്ച വിജിലന്‍സ് ഡയറക്ടറായി എഡിജിപിയെ നിയമിക്കുന്നത് കൂടാതെ ഇനി ഇതേ പദവി തരംതാഴ്ത്താനും ആവശ്യപ്പെട്ടാല്‍ എക്സ് കേഡര്‍ പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുമോ എന്ന ആശങ്കയും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. വിഷയത്തില്‍ ഐപിഎസ് ഓഫീസര്‍മാരുടെ അസോസിയേഷന് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കും എന്നാണ് വിവരം. ഭാവിയില്‍ ഇതു തങ്ങളുടെ പ്രമോഷനടക്കമുള്ള സാധ്യതകളെ ബാധിക്കുമെന്ന ആശങ്ക പുലർത്തുന്ന വരാണ് ഉന്നത ഉദ്യോഗസ്ഥരിൽ അധികവും.