തിരുവനന്തപുരം: ലോക കേരളസഭയിലെ ധൂർത്തിനെ ചൊല്ലി വിവാദം കൊഴുത്തപ്പോൾ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്.
60 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വയ്ക്കുന്നത്. ബില്ല് കൊടുത്തുവെന്നേയുള്ളു, തങ്ങൾ സർക്കാരിനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റാവിസ് ഗ്രൂപ്പ് വ്യക്തമാക്കി.
ലോകകേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ ചെലവ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സിനിമാ സംവിധായകൻ സോഹൻ റോയ് അടക്കം ചിലർ ഭക്ഷണത്തുക സർക്കാരിന് തിരികെ നൽകാനും സന്നദ്ധരായിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട് റാവിസ് ഗ്രൂപ്പ് ചെയർമാന്റെ വാർത്താക്കുറിപ്പ്. ഒരുരൂപ പോലും സർക്കാരിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് റാവിസ് ഗ്രൂപ്പ് ചെയർമാൻ രവി പിള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
സർക്കാരിൽ നിന്ന് പണം ഈടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ബിൽ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ പണം വാങ്ങിയിട്ടില്ല. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല. അതിനാൽ പണം ഈടാക്കാൻ താത്പര്യവുമില്ലെന്നും റാവിസ് ഗ്രൂപ്പ് വ്യക്തമാക്കി.