കൊച്ചി: ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആശങ്ക. സർക്കാർ അനുമതി വേണമെന്ന ധാരണയില്ലാത്ത തൊഴിലാളികളിൽ ചിലർ ചരക്ക് ലോറികളും മറ്റും കയറി സംസ്ഥാനത്തേക്കെത്തുന്നു. ഇവരെ പരിശോധിക്കാൻ കൃത്യമായ സംവിധാനമില്ലാത്തതും മറ്റൊരു വെല്ലുവിളിയാണ്.
ആലുവയിലെ കടുങ്ങല്ലൂരിൽ കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളിയായ യുവതി ഡെൽഹിയിൽ നിന്നെത്തിയത് ആരോഗ്യ പ്രവർത്തകർ അറിഞ്ഞില്ല. നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ഇവർ സംഭവം അറിയുന്നത്. തൊഴിലാളികളെ എത്തിക്കുന്ന കരാറുകാർ തന്നെ ഇവരുടെ ക്വാറന്‍റീൻ ഉറപ്പാക്കണമെന്നാണ് നിബന്ധന. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള ചെലവ് വഹിക്കാൻ ചില കരാറുകാർ തയ്യാറാകാത്തതാണ് പ്രശ്നം.
കൊറോണ വ്യാപനത്തിനിടയിൽ രജിസ്റ്റർ ചെയ്യാതെ ഇതര സംസ്ഥാന തൊഴിലാളികൾ എത്തുന്നത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നു.
ലോക്ഡൗണിൽ നിർത്തിവെച്ചിരുന്ന കെട്ടിടനിർമ്മാണവും മറ്റ് ജോലികളും വീണ്ടും തുടങ്ങിയതോടെ ദിവസവേതനക്കാർക്ക് തൊഴിൽസാധ്യത കൂടി. ഇതോടെ നാടുകളിലേക്ക് തിരിച്ച് പോയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങി വരാൻ തുടങ്ങി. ഭൂരിഭാഗം പേരും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് മടങ്ങിവരുന്നത്.
എന്നാൽ രജിസ്റ്റർ ചെയ്യാതെ എത്തുന്ന ചിലരാണ് ആശങ്ക സൃഷ്ടിക്കുന്നത്.