സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണില്ല; രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് വ്യാപനം കൂടിയെങ്കിലും സംസ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കേണ്ടതില്ലെന്ന് തീരുമാനം. എന്നാൽ രോ​ഗ​വ്യാ​പ​നം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തുമെന്നാണ് അറിയുന്നത്. ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഇനി ലോക്ക്ഡൗൺ വന്നാൽ ദി​വ​സ വേ​ത​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ജ​ന​ങ്ങ​ൾക്ക് ബു​ദ്ധി​മു​ട്ടാകു​മെ​ന്ന വി​ദ​ഗ്ധ സ​മി​തി​യു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ആദ്യ ലോക്ക്ഡൗൺ സംസ്ഥാനത്തെ സാമ്പത്തിക നില തകർത്തെന്നും ഇതിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെ ഇനിയൊരു ലോക്ക് ഡൗൺ കൂടി വന്നാൽ സർക്കാരിനെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായമാണ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​ നടന്ന ഇ​ന്ന​ത്തെ പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗത്തിൽ പങ്കെടുത്ത പലരും പ്രകടിപ്പിച്ചത്.

അതേ സമയം ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലീ​സ് സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും. ക​ട​ക​ൾ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ അ​താ​തു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗം നി​ർ​ദേ​ശി​ച്ചു.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ധ​ന ബി​ല്ല് പാ​സാ​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.

സർവ്വകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനം. സമ്പൂർണ്ണ അടച്ചിടൽ ജനജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്ന അഭിപ്രായങ്ങൾ ശരിയാണെന്നാണ് സർക്കാരിന്‍റെയും നിലപാട്. അതേസമയം രോഗവ്യാപനതോത് കൂടിയ പ്രദേശങ്ങളിൽ ഒരു എക്സിറ്റ് ഒരു എൻട്രി പോയിൻറുകൾ എന്നത് തുടരും.

രോഗവ്യാപനത്തിൽ ഓരോ പ്രദേശങ്ങളുടേയും പൊതുസാഹചര്യം പരിഗണിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കളക്ടറും ചേർന്നുള്ള ജില്ലാതല സമിതി ഇക്കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കും. നിലവിലുള്ള ക്ലസ്റ്ററുകൾക്ക് പുറത്തും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് കാബിനറ്റ് വിലയിരുത്തി. പരിശോധനകൂട്ടാനും ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ കൂടുതൽ തുടങ്ങാനും ധാരണയായി.