സമ്പർക്ക രോഗ വ്യാപനം രൂക്ഷമായി; കൊല്ലത്ത് കർശന നിയന്ത്രണങ്ങൾ

കൊല്ലം: ജില്ലയിൽ നിയന്ത്രണം കർശനമാക്കി. ഇന്നുമുതൽ സ്വകാര്യ വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സമ്പർക്ക രോഗ വ്യാപനം രൂക്ഷമായതോടെ കടുത്ത നടപടികൾ. അൻപതിലധികം തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണങ്ങൾക്ക് പുറമേയാണിത്. ഇന്ന് രാവിലെ ആറ് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് രജിസ്‌ട്രേഷന്‍ നമ്പറിനെ അടിസ്ഥാനമാക്കി ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണമാണ് നിലവില്‍ വരുന്നത്. ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്ള വാഹനങ്ങള്‍ തിങ്കള്‍ , ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉപയോഗിക്കാം. ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാണ്. ഞായറാഴ്ച കണ്ടെയിന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒന്നിടവിട്ട കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ആവശ്യസേവന മേഖല, ദുരന്തനിവാരണ പ്രവർത്തനം, സർക്കാർ വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. കരുന്നാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകൾ ഉൾപ്പടെ ജില്ലയിലെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൂർണമായി അടച്ചിട്ടിരിക്കുകയാണ്. ഇതിൽ 31 എണ്ണം ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണാണ്. തീരദേശമേഖലകളിലും കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 15-20 വീടുകളെ ഓരോ ക്ലസ്റ്ററുകളായി തിരിച്ച് അണുവിമുക്തമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.