തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കാസര്‍കോട് ജില്ലയിലും ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നി ജില്ലകളില്‍ ബുധനാഴ്ച ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാ നിര്‍ദേശം നല്കി. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീ മുതല്‍ 115.5 മിമീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
നാളെ രാത്രി 11.30 വരെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചു.തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.
തീരമേഖലയിലെ കടല്‍ പ്രക്ഷുബ്ധമായിരിക്കാനും വേലിയേറ്റ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുമുള്ള സാധ്യതയുണ്ട്. കടലാക്രമണ ഭീഷണി രൂക്ഷമായ തീരമേഖലകളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറി താമസിക്കേണ്ടതാണ്.