തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ കണ്ണി പിടിയിൽ. മലപ്പുറം പോക്കൊട്ടൂരിനടുത്ത് മരിയാട് സ്വദേശി ഹംസത് അബ്ദുൽ സലാം ആണ് മലപ്പുറത്ത് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 16 ആയി. ദുബായിയിൽ ഫൈസൽ ഫരീദിന് പണം കൊടുത്തതിൽ ഒരാൾ ഹംസത് ആണെന്നാണ് എൻ ഐ എ നൽകിയ വിവരം. ഹംസ്തിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. ഡിപ്ലോമാറ്റിക് കാർഗോയിലൂടെ സ്വർണം കടത്തുന്നത് സംബന്ധിച്ച് ഹംസത്തിനും അറിയാമായിരുന്നു. ഈ സ്വർണത്തിന്റെ ഒരു പങ്ക് ഇയാൾക്ക് ലഭിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മുമ്പും സ്വർണക്കടത്തിൽ ഹംസത് പങ്ക് ചേർന്നിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്വർണക്കടത്തിലെ പ്രധാന പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കേസിൽ അറസ്റ്റിലുള്ള കെ ടി റമീസുമായി അടുപ്പമുള്ള ആളാണ് ഹംസത്ത് അബ്ദുസലാം. ഇയാളിൽ നിന്നും മറ്റു വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. അതേസമയം കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിന്റെ മൂന്നുപീടികയിലെ വീടിന് മുൻപിൽ എൻ ഐ എ അറസ്റ്റ് വാറന്റ് പതിപ്പിച്ചു. നിലവിൽ ദുബായ് പോലീസിന്റെ കസ്റ്റഡിയിൽ ആണ് ഫൈസൽ.