കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് രോഗബാധ; തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചു

തിരുവനന്തപുരം: കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചത് തലസ്ഥാനത്ത് ആശങ്ക വർധിപ്പിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാർത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണർ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാർത്ഥികളെ മുഴുവൻ നിരീക്ഷണത്തിലാക്കും. ട്രിപ്പിൾ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വൻ വിവാദമായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ കൊറോണ രോ​ഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ഇത്രയധികം കൊറോണ രോ​ഗികളുണ്ടാകുന്നത്. ഇവരിലേറെയും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ് എന്നത് വലിയ തോ‌തിൽ ആശങ്കയ്ക്കും കാരണമാകുന്നു.

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവർ 93 ശതമാനമാണെന്നാണ് കണക്ക്. ജില്ലയിൽ കഴിഞ്ഞ ദിവസം 182 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 170 പേരും സമ്പർക്കരോ​ഗികളാണ്. നാല് ആരോ​ഗ്യപ്രവർത്തകർക്കും ഇന്ന് ഇവിടെ രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൂടുതൽ കൂടുതല്‍ പരിശോധന നടത്തും. തൃശൂർ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശമാണ് നല്‍കിയിരിക്കുന്നത്. അതേസമയം, കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട എറണാകുളം ബ്രോഡ്‍വെ മാർക്കറ്റ് ഇന്ന് മുതൽ ഭാഗികമായി തുറക്കും. 50 ശതമാനം കടകൾ മാത്രമാകും തുറക്കുക.