കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിന് കൊറോണ : 24 പേർ നിരീക്ഷണത്തിൽ പോയി: നെഫ്രോളജി വാർഡ് അടച്ചു

കോഴിക്കോട്: നഴ്സിന് കൊറോണ സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വാർഡ് അടച്ചു. എന്നാൽ, നിലവിൽ വാർഡിലുള്ള രോഗികൾ തുടരും. ഇവിടെ ചികിത്സയിലുള്ള 16 രോഗികൾക്ക് പ്രത്യേക പരിരക്ഷ നൽകും. അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. വളരെ അത്യാവശ്യമുള്ളവർ മാത്രം ചികിത്സയ്ക്ക് എത്തിയാൽ മതിയെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അഭ്യർത്ഥിച്ചു.

നഴ്സിന് രോ​ഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഡോക്ടർമാരും നഴ്സുമാരും ശുചീകരണ തൊഴിലാളികളും ഉൾപ്പടെ 24 പേർ നിരീക്ഷണത്തിൽ പോയിരുന്നു. ‌

അതേസമയം, ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ രണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ കൂടി തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏഴ് വാർഡുകളെ കൂടി കണ്ടെയ്ൻമെന്‍റിൽ സോണിൽ ഉൾപ്പെടുത്തി. കോഴിക്കോട് കണ്ണാടിക്കലിൽ ഇന്നലെ കൊറോണ സ്ഥിരീകരിച്ച 22 കാരന്‍റെ പ്രാഥമിക സമ്പർക്കത്തില്‍ 60 ലേറെ പേരുണ്ടെന്ന് ഭരണകൂടം അറിയിച്ചു. ഇയാളുടെ ഒപ്പം ഫുട്ബോൾ കളിച്ച 30 പേരും സമ്പർക്കപ്പട്ടികയിലുണ്ട്.