കൊച്ചി : ‘പി നള്‍’ എന്ന അപൂര്‍വരക്ത ഗ്രൂപ്പുള്ള അഞ്ചുവയസ്സുകാരി അനുഷ്‌കയുടെ രണ്ടാംഘട്ട ശസ്ത്രക്രിയ ഇന്ന് നടക്കും. അപൂര്‍വ രക്തം മഹാരാഷ്ട്രയുടെ നാസിക്കില്‍ നിന്നും ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കുട്ടിയുടെ കുടുംബവും ആശുപത്രി അധികൃതരും. തലയോട്ടിയുടെ ഭാഗങ്ങള്‍ ചേര്‍ക്കുക എന്നുള്ള ഘട്ടമാണ് നടക്കുന്നത്. അതിനായാണ് കൂടുതല്‍ രക്തം ആവശ്യമായി വന്നത്.
ഗുജറാത്തില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ മകള്‍ അനുഷ്‌കയ്ക്കാണ് ശസ്ത്രക്രിയക്കായി മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് രക്തദാതാവിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച വിമാനമാര്‍ഗം രക്തം കുട്ടിയെ ചികില്‍സിക്കുന്ന കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു.
ഈ മാസം അഞ്ചിനാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ഫെയ്‌സ്ബുക്കില്‍ ‘പി നള്‍’ ഗ്രൂപ്പിലുള്ള രക്തം ആവശ്യപ്പെട്ട് പോസ്റ്റിട്ടത്. അന്താരാഷ്ട്രതലത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഇതേ രക്തഗ്രൂപ്പുള്ള മറ്റൊരാളെ കണ്ടെത്താനായത്. നാസിക് സ്വദേശിയായ ഇദ്ദേഹം രക്തം നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും മുംബൈയിലെ ആശുപത്രിയിലെത്തി രക്തം നല്‍കുകയും ചെയ്തു.
ഇത് വിമാനമാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തിലും അവിടെനിന്ന് അമൃത ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഗുജറാത്തില്‍വച്ച് കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് അനുഷ്‌കയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഗുജറാത്തില്‍ നടന്ന ശസ്ത്രക്രിയക്കുശേഷം അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്ത് എത്തിച്ചത്.
ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയിരുന്നു. കുട്ടിയുടെതന്നെ രക്തം സമാഹരിച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കുട്ടിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ അപൂര്‍വരക്തം തേടി അഭ്യര്‍ത്ഥനകള്‍ പ്രചരിച്ചിരുന്നു.