ജയ്പൂർ: അശോക് ഗെലോട്ട് സർക്കാരിന് എതിരേ കലാപക്കൊടി ഉയർത്തിയ സച്ചിൻ വിഭാഗത്തിന് കോടതി ഇടപെടൽ ആശ്വാസമായി. സച്ചിൻ പൈലറ്റിനും 18 വിമത എം.എൽ.എമാർക്കുമെതിരെ രാജസ്ഥാൻ നിയമസഭ സ്പീക്കർ പുറപ്പെടുവിച്ച അയോഗ്യത നോട്ടീസിൽ ചൊവ്വാഴ്ച വരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശമാണ് സച്ചിന് പിടിവള്ളിയായത്. അയോഗ്യത നടപടിക്കെതിരെ സചിൻ പൈലറ്റ് നൽകിയ ഹർജിയിൽ കോടതിയിൽ തിങ്കളാഴ്ച വാദം തുടരും. സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് വാദം കേട്ടു. കോണ്‍ഗ്രസിനൊപ്പം തുടരുമ്പോള്‍ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം.
മുഖ്യമന്ത്രി അശോക് ഗെലോട്ടിൻ്റെ സ്വേച്ഛാധിപത്യപരമായ പ്രവര്‍ത്തനങ്ങളിൽ വിയോജിപ്പുകള്‍ ഉന്നയിക്കുകയാണ് തങ്ങൾ ചെയ്തതെന്നും ഇത് ആഭ്യന്തര കാര്യമാണെന്നും സച്ചിൻ വിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. ഇത് വീഴ്ച വരുത്തുന്നതിന് തുല്യമല്ലെന്നും സചിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ കോടതിയിൽ വാദിച്ചു. നിയമസഭയ്ക്ക് പുറത്തുനടക്കുന്ന കാര്യങ്ങള്‍ കൂറുമാറ്റ വിരുദ്ധ നിയമത്തിന്‍റെ ലംഘനത്തിന്‍റെ പരിധിയില്‍ വരില്ലെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് സ്പീക്കര്‍ സി.പി.ജോഷി സച്ചിന്‍ പൈലറ്റടക്കമുള്ള 19 എം.എല്‍.എമാര്‍ക്ക് അയോഗ്യത നോട്ടീസ് നൽകിയത്. ഇതിനെതിരെ സചിൻ പക്ഷം കോടതിയെ സമീപിക്കുകയായിരുന്നു. സച്ചിന്‍ പൈലറ്റ് പക്ഷത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി എന്നിവരാണ് ഹാജരായത്. അഭിഷേക് മനു സിങ്‌വിയാണ് രാജസ്ഥാന്‍ സ്പീക്കര്‍ക്ക് വേണ്ടി ഹാജരായത്.
നിലവിലെ സാഹചര്യത്തിൽ സച്ചിനെ സ്വാഗതം ചെയ്ത കോൺഗ്രസ് നേതാക്കളും പിന്നോക്കം പോയി. മുതിർന്ന നേതാക്കൾ സച്ചിനെ തിരികെ കൊണ്ടുവരാനും അർഹമായ പരിഗണന നൽകാനും ചർച്ചകളിലൂടെ ശ്രമിച്ചെങ്കിലും സച്ചിൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. രൺദീപ് സിംഗ് സുർ ജേവാല അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും വിജയം കണ്ടില്ല.
സച്ചിൻ കാമ്പിലാകട്ടെ ആദ്യത്തെ ആത്മവിശ്വാസം ഇപ്പോഴില്ല. സച്ചിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ച 18 എംഎൽഎ മാരിൽ രണ്ടു പേർ കോൺഗ്രസിൽ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്. സച്ചിൻ്റെ നീക്കം പൊളിഞ്ഞെന്ന വാർത്ത വന്നതോടെ പലരും ഗെലോട്ട് പക്ഷത്തേക്ക് ചേക്കേറാൻ തയ്യാറായിരിക്കുകയാണ്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച ഗെലോട്ടിന് തൽക്കാലം ഭീഷണിയില്ല