സ്വർണക്കടത്ത് പ്രതി ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

തൃശൂർ: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കയ്പമംഗലം മൂന്നു പീഡികയിലുള്ള ഫൈസലിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്. ഒന്നര വർഷത്തോളം ഫൈസൽ വീട്ടിലേക്ക് എത്തിയിട്ടില്ലെന്നും നാടുമായി കാര്യമായ ബന്ധമൊന്നും ഇല്ലെന്നും ബന്ധുക്കൾ മൊഴി നൽകി. ഇവരുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങിയാണ് പൂടിക്കിടന്നിരുന്ന വീട് തുറന്നത്.

വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. രണ്ടുനില വീട്ടിലെ എല്ലാ മുറികളും അന്വേഷണ സംഘം പരിശോധിച്ചു. ഫൈസലിന്റെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞു. ഒന്നര മാസം മുൻപ് ഫൈസലിന്റെ പിതാവ് കൊറോണ ബാധിതനായി മരിച്ചിരുന്നു. കേസിൽ കോഴിക്കോട് കൊടുവള്ളിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഇതിന് തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്ന കാര്യം കസ്റ്റംസ് അധികൃതർ വ്യക്തമാക്കിയില്ല.

രാവിലെ മുതൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ തന്നെ കോഴിക്കോട് കൊടുവള്ളി അടക്കമുള്ള പ്രദേശങ്ങളിൽ സ്വർണക്കടത്ത് ബന്ധമുള്ളവരുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ജ്വല്ലറിയിലെ മുഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. അതേ സമയം കേസിലെ ഒന്നാം പ്രതി സരിതിനെ കോടതിയിൽ ഹാജരാക്കി.