ചെറുതോണി: ഇടുക്കി മാങ്കുളത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സിപിഐ പ്രാദേശിക നേതാവിന്റെ വധഭീഷണി. വനം ഡിവിഷന് സര്‍വേക്ക് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും റവന്യു വകുപ്പ് അധികൃതര്‍ക്കെതിരെയുമാണ് സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസ് ഭീഷണിപെടുത്തിയത്. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് മര്‍ദ്ദിക്കുമെന്നാണ് പ്രവീണ്‍ ഭീഷണി മുഴക്കിയത്.
പ്രദേശത്ത് ആന ഇറങ്ങാതിരിക്കാന്‍ വനംവകുപ്പ് കിടങ്ങ് കുഴിച്ചിരുന്നു. ഇത് കര്‍ഷകരുടെ സ്ഥലത്താണ്. ഇതേ തുടര്‍ന്ന് ഇവിടെ വനംവകുപ്പും സിപിഐയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്കി. മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും ലോക്കൽ സെക്രട്ടറിക്കെതിരെ കേസുണ്ട്. മാങ്കുളം ടൌണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും. സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാന്‍ വേണ്ടിയാണ്. തല്ലുമെന്നത് തങ്ങളുടെ തീരുമാനമാണെന്നുമാണ് ഭീഷണി. റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം അതുണ്ടാകുമെന്നും പ്രവീൺ ജോസ് പറഞ്ഞു.
ഉദ്യോഗസ്ഥർ വീഡിയോ പകർത്തിയപ്പോൾ ഇയാൾ വെല്ലുവിളിക്കുകയും ചെയ്തു. റേഞ്ച് ഓഫീസറെ അസഭ്യം പറഞ്ഞതിന് മുൻപ് കേസെടുത്തിട്ടുണ്ടെന്നും അത് കൂടാതെ മറ്റ് അഞ്ച് കേസുകളും തനിക്കെതിരെ ഉണ്ടെന്നും ഇയാൾ വിളിച്ചു പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായത്. അതേസമയം പ്രവീൺ ജോസിനോട് പാർട്ടി വിശദീകരണം തേടി. വനം റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിനുള്ള സാഹചര്യം വ്യക്തമാക്കാനാണ് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ആവശ്യപ്പെട്ടിരിക്കുന്നത്.