ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ആലോചനകൾ സജീവമാണെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ജയലളിതയുടെ ഔദ്യോഗിക വസതി സ്മാരകമായി മാറ്റുന്നതിനെതിരെ ഒരു റസിഡന്റ്സ് അസോസിയേഷൻ ഹർജി സമർപ്പിച്ചിരുന്നു. ഒരു വസതി സ്മാരകമാക്കി മാറ്റുന്നത് ആദ്യമായല്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സ്നേഹവും അംഗീകാരവും നേടിയ നിരവധി നേതാക്കളുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹർജി കോടതി തള്ളുകയും ചെയ്തു.
ജയലളിതയുടെ വസതി സ്മാരകമാക്കുകയാണെങ്കിൽ നിരവധിയാളുകൾ സന്ദർശനത്തിനെത്തുമെന്നും ഇത് തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പോയസ് ഗാർഡൻ, കസ്തൂരി എസ്റ്റേറ്റ് ഹൗസ് ഓണേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ഇത് പരിഗണിക്കുന്നതിനിടയിലാണ് സർക്കാർ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചത്.
വേദനിലയം സ്മാരകമായി മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതിനുമായി വേദനിലയത്തിന്റെ താല്‍ക്കാലിക കൈവശാവകാശത്തിനായി കഴിഞ്ഞ മെയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.