തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയവും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രമേയവും കൊണ്ടുവരാന്‍ തീരുമാനിച്ചതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് അറിയിച്ചു. സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണിത്. അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയെന്നും കണ്‍വീനര്‍ അറിയിച്ചു.
എന്ന് പ്രമേയം കൊണ്ടുവരണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ബെന്നി ബഹനാന് അറിയിച്ചു. ഈ മാസം അവസാനം ചേരുന്ന സഭാസമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് ആലോചനയെന്നാണ് സൂചന.
കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതിയായി എന്‍ഐഎ കസ്റ്റഡിയിലെടുത്ത വിവാദസ്ത്രീയുമായി പലതരത്തില്‍ ബന്ധപ്പെട്ട സ്പീക്കര്‍, നിയമസഭയുടെ അന്തസ്സിനും അഭിമാനത്തിനും ആഭിജാത്യത്തിനും ഒരിക്കലും യോജിക്കാത്ത തരത്തിലുള്ള പ്രവൃത്തിയിലാണ് ഏര്‍പ്പെട്ടത്. ഇത്തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത വ്യക്തികളുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ രാജിവെക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.
കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ പിടിക്കപ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയും സുരക്ഷാ വലയം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങള്‍ കുറച്ചുകൂടി വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ കള്ളക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ടുള്ള തെളിവുകളും പുറത്തുവന്നതായി ബെന്നി ബഹനാന് പറഞ്ഞു.
എന്നാല്‍ ശിവശങ്കറിനെതിരെ നടപടിയെടുക്കാതെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അവധി എടുക്കുന്നത് നടപടിയല്ല. ഉന്നതനായ ഉദ്യോഗസ്ഥന് സംശയത്തിന് ഇടനല്കുന്ന സാഹചര്യം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ രഹസ്യാന്വേഷണവും, സംശയസാധ്യത വര്‍ധിച്ചാല്‍ വകുപ്പുതല അന്വേഷണവും നടത്തണമെന്നാണ് ചട്ടം. ഇതിലെന്തെങ്കിലും തെളിവു കണ്ടെത്തിയാല്‍ സസ്പെന്‍ഡ് ചെയ്യുകയും വേണം. എന്നാല്‍ ഇത്തരത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നത് കേരളീയ സമൂഹത്തെ അത്ഭുതപ്പെടുത്തുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.