ഭീകരബന്ധം അന്വേഷിക്കും; സ്വപ്നയ്ക്കും സന്ദീപിനും സുരക്ഷ ശക്തമാക്കി

കൊച്ചി: സ്വർണക്കടത്തു കേസിൽ രാജ്യാന്തര ഭീകര സംഘടനകളുടെ ഇടപെടൽ ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷണ പരിധിയിൽ വരുന്നതിനാൽ അറസ്റ്റിലായ സ്വപ്ന സുരേഷിൻ്റെയും സന്ദീപിൻ്റെയും ജീവനു ഭീഷണി ഉണ്ടാകുമെന്ന് വിലയിരുത്തൽ. അതു കൊണ്ട് തന്നെ ബെംഗളൂരു കോറമംഗലയിലെ ഹോട്ടലിൽ നിന്ന് അറസ്റ്റിലായ ഇവരെ ഇന്നു രാത്രിയിൽ കേരളത്തിലേക്കു കൊണ്ടു വരില്ല. ഇവരുടെ സുരക്ഷ ശക്തമാക്കി കഴിഞ്ഞു.

ഈ സാഹചര്യത്തിൽ ഇരുവരെയും ഇന്ന് ബെംഗളൂരുവിലെ എൻഐഎ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് കൈപ്പറ്റി നാളെ രാവിലെ കൊച്ചിയിൽ എത്തിക്കാനാണു സാധ്യത. കേസ് അന്വേഷണം നടത്തുന്ന എൻഐഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർക്കു സുരക്ഷ വർധിപ്പിക്കാൻ ഇന്നു വൈകുന്നേരത്തോടെ തീരുമാനിച്ചിരുന്നു. ഇതിനിടെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫിസിൽ സുരക്ഷയ്ക്ക് സിആർപിഎഫിനെ നിയോഗിച്ചു. കൊച്ചിയിലെ ഓഫിസിനും സുരക്ഷ വർധിപ്പിക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സ്വർണക്കടത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത് എൻഐഎ ഇന്നലെ റജിസ്റ്റർ ചെയ്ത യുഎപിഎ കേസിലാണ് എന്നത് പ്രധാനമാണ്. ഇതു പ്രകാരം സ്വർണക്കടത്തിൻ്റെ ഭീകര ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ ഭീകര ബന്ധങ്ങളിലേയ്ക്ക് അന്വേഷണ സംഘത്തിന് എത്തിപ്പെടാനാകുമെന്നാണ് വിലയിരുത്തൽ.

സ്വാഭാവികമായും ഇത് ഭയപ്പെടുന്നവർ ഇരുവരെയും ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനു ശ്രമിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടു തന്നെ പ്രതികളുടെ സുരക്ഷ അന്വേഷണ ഏജൻസികൾക്കു സുപ്രധാനമാണ്.