കൊല്ലം: ഗൾഫിൽ നിന്ന് എത്തി പെയ്ഡ് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിന് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കൊറോണ സ്ഥിരീകരിച്ചു. തുടർന്ന് പാതിവഴിയെത്തിയ യുവാവിനെ തിരിച്ചുവിളിച്ചു. കരുനാഗപ്പള്ളിയിൽ പെയ്ഡ് ക്വാറന്റീനിൽ 14 ദിവസം പൂർത്തിയാക്കി പടപ്പക്കരയിലെ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെയാണ് ആരോഗ്യ വകുപ്പ് അധികൃതർ തിരികെ വിളിച്ചത്. തുടർന്ന് ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവ് കരുനാഗപ്പള്ളിയിൽ നിന്നു പുറപ്പെട്ട ശേഷമാണ് അയാളുടെ അവസാനത്തെ സ്രവ പരിശോധനാ ഫലം ലഭിച്ചത്. പോസിറ്റീവായതോടെയാണ് വീട്ടിലേക്ക് മടങ്ങിയത് അറിഞ്ഞ് തിരിച്ചുവിളിച്ചത്. ഇതിനിടെ കരുനാഗപ്പള്ളിയിൽ നിന്നും കുണ്ടറയിൽ എത്തിയ യുവാവ് 11 മണിയോടെ പോസ്റ്റ് ഓഫിസിനടുത്തുള്ള എടിഎമ്മിൽ കയറി പണമെടുത്തിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകും വഴിയാണ് ഫോൺ സന്ദേശം ലഭിച്ചത്. ആരോഗ്യ വകുപ്പുകാരെത്തി യുവാവിനെ കുണ്ടറ താലൂക്കാശുപത്രിയിലും അവിടെ നിന്ന് ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് ബാങ്ക് അധികൃതർ എടിഎം അടച്ചിട്ടു.
ക്വാറന്റീൻ സമയം കഴിഞ്ഞെങ്കിലും പരിശോധനാ ഫലം വരുന്നതിനു മുൻപ് യുവാവിനെ വിട്ടയച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുന്നു. അതിനിടെ ക്വാറന്റീനിൽ കഴിയുകയായിരുന്ന യുവാവ് ചാടിപ്പോയതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പ്രചാരണം നടത്തിയതായും ആരോപണമുണ്ട്. വൈകുന്നേരത്തോടെ അഗ്നിരക്ഷാ സേന പോസ്റ്റ് ഓഫിസിനടുത്തുള്ള എ.ടിഎം, താലൂക്കാശുപത്രി എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി.