മൂന്നാർ: തന്റെ വാഹനത്തിൽ വണ്ടിയിടിച്ച് നിർത്താതെ പോയ എസ്ഐക്കെതിരെ എംഎൽഎയുടെ പരാതി. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനാണ് ദേവികുളം എസ്ഐ എൻ.എസ്.റോയിക്കെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പൊലീസിന്റെ ഔദ്യോഗിക വാഹനത്തിൽ എത്തിയ എസ്ഐ എംഎൽഎയുടെ വണ്ടിയിൽ ഇടിച്ച ശേഷം പുറത്തുപോലും ഇറങ്ങാതെ വണ്ടി ഓടിച്ച് പോവുകയായിരുന്നുവെന്നാണ് രാജേന്ദ്രൻ പറയുന്നത്.
കഴിഞ്ഞ ദിവസം മാട്ടുപ്പട്ടി റോഡിലെ പെട്രോൾ പമ്പിലാണ് സംഭവമുണ്ടായത്. ഇന്ധനം നിറയ്ക്കാൻ നിർത്തിയിട്ട എംഎൽഎയുടെ വാഹനത്തെ പിന്നിൽനിന്നെത്തിയ എസ്ഐയുടെ വാഹനം ഇടിക്കുകയായിരുന്നു. പോലീസ് വാഹനത്തിലെ ഡ്രൈവറോ, എസ്ഐയോ പുറത്തിറങ്ങിയില്ല. എംഎൽഎ ഇറങ്ങിച്ചെന്നെങ്കിലും ജീപ്പിലിരുന്ന എസ്.ഐ. ‘കാര്യമായി ഒന്നും പറ്റിയില്ല, തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുണ്ട്’ എന്ന് ധിക്കാരത്തോടെ പറഞ്ഞ് വേഗത്തിൽ ഓടിച്ചുപോയെന്നും പരാതിയിലുണ്ട്.
വിവരം മൂന്നാറിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഫോണിൽ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് എംഎൽഎ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. തന്റെ വാഹനത്തിന് 15,000 രൂപയുടെ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്നാണ് എംഎൽഎ പറയുന്നത്. ജനപ്രതിനിധിയായ തന്റെ വാഹനത്തെ ഇടിച്ചപ്പോൾ ഇതാണ് പ്രതികരണമെങ്കിൽ സാധാരണക്കാരന്റെ അവസ്ഥയെന്തായിരിക്കുമെന്ന് രാജേന്ദ്രൻ ചോദിക്കുന്നു.