ബദലാകാനിറങ്ങി ഇടത് തന്ത്രം തകർന്നടിഞ്ഞു

ന്യൂഡൽഹി: പുരോഗമനം പ്രസംഗിക്കുകയും പിന്തിരിപ്പൻ നയം അനുവർത്തിക്കുകയും ചെയ്യുന്ന ഇടതുപാർട്ടികൾക്കും കനത്ത പ്രഹരം. ദേശീയ തലത്തിൽ രൂപപ്പെടുന്ന പ്രതിഷേധങ്ങൾ തങ്ങളുടെ ചേരിയിൽ ആളെക്കൂട്ടി ദേശീയ ബദലിന് നേത്യത്വം കൊടുക്കാൻ ശക്തിപ്പെടുത്തുമെന്നായിരുന്നു ഇവർ അണികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
ആറിടങ്ങളിൽ മത്സരിച്ച സിപിഎമ്മിനും സിപിഐക്കും എല്ലായിടത്തും കെട്ടിവെച്ച പണം നഷ്ടമായി.രണ്ടു കൂട്ടർക്കും കൂടി ആകെ ലഭിച്ചത് 3,190 വോട്ടുകൾ.മൂന്നിടങ്ങളിൽ വീതമാണ് ഇരുകൂട്ടരും മത്സരിച്ചത്.
ബിഎസ്പി, ജെഡിയു, എൽജെപി, ആർ.ജെ.ഡി. എൻസിപി, എന്നീ പാർട്ടികളും കൂപ്പുകുത്തി വീണു. എങ്കിലും സിപിഎമ്മിനെയും സിപിഐ യെക്കാളും കൂടുതൽ വോട്ട് അവർ നേടി.നോട്ടയ്ക്കും പിന്നിലായിരുന്നു ഇരുവരുടെയും പ്രകടനം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളനുസരിച്ച് സിപിഎമ്മിന്റെ വോട്ട് വിഹിതം 0.01 ശതമാനവും സിപിഐയുടേത് 0.02ശതമാനവുമാണ്.വോട്ട് വിഹിതത്തിൽ ഏറ്റവും പിന്നിലാണ് ഇടത് പാർട്ടികൾ.
കരാവൽ നഗറിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി രഞ്ജിത് തിവാരിക്ക് കിട്ടിയത് 414വോട്ട് .ബദർപുറിലെ സ്ഥാനർഥി ജഗദീഷ് ചന്ദിന് 683 ഉം വാസിർപുറിൽ സ്ഥാനാർഥി നാഥുറാമിന് 139ഉം വോട്ടുകൾ ലഭിച്ചു. ഈ മൂന്നിടത്തും ആം ആദ്മി പാർട്ടിയാണ് വിജയിച്ചത്.
സിപിഐ സ്ഥാനാർഥികൾ മത്സരിച്ച ബവന, തിമർപുർ, പാലം നിയോജക മണ്ഡലങ്ങളിൽ 1227, 246, 481 വോട്ടുകൾ വീതമാണ് അവർ നേടിയത്.
അന്തിമ കണക്കുകൾ അനുസരിച്ച് ആം ആദ്മി പാർട്ടിക്ക് 53.58 ശതമാനവും ബിജെപിക്ക് 38.50ശതമാനവും വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന് കഴിഞ്ഞ തവണത്തെ ഇരുപത് ശതമാനത്തിൽ നിന്ന് 4.26 ശതമാനായി കുറഞ്ഞു. രണ്ടിടങ്ങളൊഴികെ എല്ലായിടത്തും കെട്ടിവച്ച പണം നഷ്ടമായി ചരിത്രപരമായ പരാജയം ഏറ്റുവാങ്ങി.