കുട്ടികളിലെ ആത്മഹ​ത്യാ പ്രവണത തടയാൻ ഫോൺ കൗൺസിലിംഗ് പദ്ധതി

തിരുവനന്തപുരം: കുട്ടികളിലെ ആത്മഹ​ത്യാ പ്രവണത സംബന്ധിച്ച് പഠനം നടത്താൻ ഫയർ ആൻഡ് റെസ്ക്യു മേധാവി ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകി. മാനസിക സംഘർഷം അനുവഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാനായി ചിരി എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥി പൊലീസ് കേഡറ്റുകൾ മുഖേന ഫോൺ വഴി കൗൺസിലിങ് നൽകുന്നതാണ് പദ്ധതി. കൊറോണ കാലത്ത് കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് കേരളത്തിൽ വർധിച്ച സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

അതീവ ​ഗുരുതരമായ സാമൂഹിക പ്രശ്നമായി ആത്മഹത്യാ പ്രവണത മാറുകയാണ്. മാർച്ച് 25 മുതലുള്ള കണക്കുകളനുസരിച്ച് 18 വയസിന് താഴെയുള്ള 66 കുട്ടികളാണ് പലകാരണങ്ങളാൽ ആത്മഹത്യ ചെയ്തത്. മാതാപിതാക്കളും കുട്ടിയുടെ അടുത്ത ബന്ധുക്കളുമൊക്കെയുള്ളവരുടെ ഇടപെടലുകൾ ശ്രദ്ധിച്ചാൽ ഇത് പരിഹരിക്കാനാകും. മാനസിക നില കൂടി പരി​ഗണിച്ചാവണം വീട്ടിലെ കുട്ടിയോടുള്ള ഇടപെടലുകൾ. ​

കൊറോണ കാലത്ത് വിദ്യാലയങ്ങൾ അടച്ചതോടെ കുട്ടികൾക്ക് കൂട്ടുകാർക്കൊപ്പം കളിക്കാൻ കഴിയാത്തത് അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്. കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണം. കുട്ടികളും കൗമാരക്കാരും വളർച്ചയുടെ ഘട്ടത്തിലാണ്. മുതിർന്നവരോട് പെരുമാറും പോലും അവരോട് കാണിക്കരുത്. സ്നേഹപൂർവമായി പെരുമാറുക. സന്തോഷവും സമാധാനവുമായ കുടുംബം സൃഷ്ടിക്കാൻ എല്ലാവരും ശ്രദ്ധിക്കണം എന്നിവയാണ് കുട്ടികളിലെ മാനസീക സംഘർഷം പരിഹരിക്കാൻ ഉയർന്നു വന്ന നിർദേശങ്ങൾ.