സന്ദീപ് സി പിഎം പ്രവർത്തകനെന്ന് അമ്മ ഉഷ ; ബിജെപിക്കാരനെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒളിവിൽപ്പോയ സന്ദീപ് സി പിഎം പ്രവർത്തകനാണെന്ന് സന്ദീപിന്‍റെ അമ്മ ഉഷ. എന്നാൽ ഇത് പ്രചാരവേലയാണെന്നും ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്‍റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്. ഇയാളുടെ ഫെയ്‌സ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രമുണ്ട്‌. എസ് കെ പി രമേശ് അടക്കമുള്ള ബിജെപി നേതാക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സന്ദീപിനെ സിപിഐഎം പ്രവർത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്നാണ് ആനാവൂർ പറയുന്നത്.

സന്ദീപിന്‍റെ അമ്മ ഉഷയാണ് ഇയാൾ സിപിഎം പ്രവർത്തകനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സന്ദീപിന് ഏതെങ്കിലും പാർട്ടിയുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൻ പാ‍ർട്ടിയിലുണ്ട് എന്നാണ് അമ്മ ഉഷ പറയുന്നത്. ഏത് പാർട്ടി എന്ന് ചോദിക്കുമ്പോൾ സിപിഎം എന്ന് അവർ പറയുന്നു.

എന്നാൽ ഫേസ്ബുക്കിലെ പോസ്റ്റുകളിൽ സന്ദീപ് പ്രകടമാക്കിയിരിക്കുന്നത് ബിജെപി അനുഭാവമാണെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.

സന്ദീപിന് ബിജെപിയോടാണ് ചായ്‍വെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളിൽ കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്ന സൂചനകളുമുണ്ട്.

കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് എന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ കവർ ഫോട്ടോ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കാർബൺ ഡോക്ടർ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

എന്നാൽ താഴേയ്ക്ക് 2015-ലും മറ്റുമുള്ള പോസ്റ്റുകളിൽ കടുത്ത ബിജെപി അനുഭാവിയായിട്ടാണ് സന്ദീപ് സ്വയം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു ആദ്യം സന്ദീപ്. പിന്നീട് പല ആളുകളുടെ ഡ്രൈവരായി ജോലി ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു ബിജെപി കൗൺസിലറുടെ ഡ്രൈവറായും ജോലി ചെയ്തു.