കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്ത കസ്റ്റംസിന് കേസിൽ വഴിത്തിരിവാകുന്ന നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇന്ന് ഉച്ചയോടെയാണ് സൗമ്യയെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചത്. വിശദമായി ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരത്തു നിന്ന് രാവിലെയാണ് സൗമ്യയെ കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തത് .
സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും അടുത്ത സുഹൃത്താണ് സന്ദീപ്. സ്വപ്നയ്ക്ക് പിന്നാലെ ഇയാളും ഒളിവിൽ പോയിരിക്കുകയാണ്. സ്വർണക്കടത്തിൽ സന്ദീപിനും പങ്കുണ്ടെന്നാണ് സൂചന. സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനായിരുന്നു.
അതേസമയം, നാല് ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്നയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കസ്റ്റംസ് സംഘം ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് തന്നെയാണ് ഒളിവിൽ കഴിയുന്നതും അതല്ല, തമിഴ്നാട്ടിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. അതിനിടെ, കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ സ്വപ്നയുമായി ബന്ധമുള്ളവർ സമീപിച്ചതായും സൂചനയുണ്ട്. മുൻകൂർ ജാമ്യം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവർ അഭിഭാഷകരെ ബന്ധപ്പെട്ടത്. എന്നാൽ ഒരു തവണ മാത്രമാണ് അഭിഭാഷകരെ ബന്ധപ്പെട്ടതെന്നും മറ്റു നടപടികളിലേക്ക് കടന്നിട്ടില്ലെന്നുമാണ് വിവരം.
ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ് രാജ്യം വിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തിരുന്നു. അവർ എന്തിനാണ് ഒളിവിൽ പോകുന്നതെന്നും എന്തായാലും അവരെ പിടികൂടുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഒളിവിൽ കഴിയുന്നത് അവരെ കൂടുതൽ കുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വപ്നയുടെ നീക്കങ്ങളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും പി.ടി.ഐ. റിപ്പോർട്ട് ചെയ്തിരുന്നു.