തിരുവനന്തപുരം: മംഗലാപുരത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.
കാറിൽ സഞ്ചരിച്ചിരുന്ന നാലാഞ്ചിറ ബഥനി മിശിഹാനുകരണ സന്യാസ സമൂഹാംഗം (ബഥനി ആശ്രമം) ബ്രദർ ഡോ. ജിതിൻ ജേക്കബ് ഒഐസി (27), പ്രഫസർ ഡോ. ജയ്നി ഷാജി( 42) എന്നിവരാണ് മരിച്ചത്.
ഡോ. ജയ്നിയുടെ മകൻ ഷെർവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 7.30ന് നെല്ലിയാടി-മംഗലാപുരം റോഡിലാണ് അപകടമുണ്ടായത്.
ബ്രദർ ജിതിന്റെ സംസ്കാരം നാളെ മൂന്നിന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ നാലാഞ്ചിറ ബഥനി ആശ്രമ ചാപ്പലിൽ.
മൃതദേഹം നാളെ രാവിലെ തിരുവനന്തപുരം നാലാഞ്ചിറ ബഥനി ആശ്രമത്തിൽ കൊണ്ടുവരും.പരേതൻ കുമ്പഴ നെടുമനാൽ പുതുപ്പറന്പിൽ പുത്തൻവീട് ജേക്കബ് വർഗീസ്-മേഴ്സി ജേക്കബ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മിധുൻ ജേക്കബ്, ആൽബിൻ ജേക്കബ്.
ബ്രദർ ജിതിനാണ് കാർ ഓടിച്ചിരുന്നത്. അദ്ദേഹത്തൊടൊപ്പം മുൻ സീറ്റിലിരുന്ന ഷെർവിനു ഗുരുതരമായി പരിക്കേറ്റു.
നെല്ലിയാടിയിലെ ബഥനി ആശ്രമത്തിലാണ് ബ്രദർ ജിതിൻ താമസിച്ചിരുന്നത്. നാച്ചുറോപ്പതി ഡോക്ടറായ ജിതിൻ യൂണിവേഴ്സിറ്റിയിൽ ആറാം റാങ്കുകാരനായാണ് ബിരുദം നേടിയത്.