നെടുമ്പാശേരി എയർപോർട്ടിൽ പ്രീപെയ്ഡ് ടാക്‌സി കൗണ്ടർ ജീവനക്കാരിക്ക് കൊറോണ

കൊച്ചി: നെടുമ്പാശേരി എയർപോർട്ടിൽ പ്രീപെയ്ഡ് ടാക്‌സി കൗണ്ടർ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചു.

അതേസമയം കൊച്ചി നഗരത്തിലെ കണ്ടെയ്‌മെന്റ് സോണുകൾ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കണ്ടെയ്ൻമെന്റ് സോണുകളാണ് നഗരത്തിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പാലാരിവട്ടം, ചക്കരപ്പറമ്പ്, കരണക്കോട്, ഗിരിനഗർ- പനമ്പിള്ളി നഗര്‍ എന്നീ സ്ഥലങ്ങള്‍ കണ്ടെയ്ൻമെന്റ് സോണിലായി. ആലുവ മാർക്കറ്റും ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര എന്നീ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിലായിരിക്കുകയാണ്.

എറണാകുളത്ത് സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെ സമ്പർക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ച അഞ്ച് പേരുടെയും സമ്പർക്ക പട്ടിക തയാറാക്കാൻ സാധിച്ചിട്ടില്ല.

എറണാകുളത്ത് ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. കൂട്ടംകൂടുന്നത് ഒഴിവാക്കണം. കൂടാതെ പൊതുവഴിയിൽ തുപ്പിയാൽ നടപടിയെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ.

കൊച്ചിയിൽ കൊറോണ വ്യാപനം വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗണെന്ന് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞിരുന്നു. രോഗികൾ വർധിച്ചാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്നാണ് വിജയ് സാഖറെ വ്യക്തമാക്കിയത്. നഗരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ജില്ലയിൽ പൊലീസ് പരിശോധന വ്യാപകമായി നടപ്പാക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തത് 20 കേസാണ്. കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.