ഉത്രവധക്കേസില്‍ മാപ്പു സാക്ഷിയാക്കണം; പ്രതി പാമ്പ് പിടുത്തക്കാരന്‍ സുരേഷ് അപേക്ഷ നല്‍കി

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതിയായ പാമ്പ് പിടുത്തക്കാരന്‍ സുരേഷ് മാപ്പു സാക്ഷിയാക്കണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി. ജയില്‍ അധികൃതര്‍ മുഖേനെയാണ് ഇയാള്‍ അപേക്ഷ നല്‍കിയത്. കേസില്‍ രണ്ടാം പ്രതിയാണ് സുരേഷ്. കൊലപാതകത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സുരേഷിന്റെ വാദം.

താന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. പെരുച്ചാഴിയെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയതെന്നായിരുന്നു സുരേഷിന്റെ മൊഴി. പാമ്പിനെ പൈസക്കു കൈമാറിയെന്നു സുരേഷ് സമ്മതിച്ചിട്ടുണ്ട്. അതെ സമയം, വന്യജീവി നിയമപ്രകാരം പാമ്പിനെ വില്‍ക്കുന്നതു കുറ്റകരമാണ്. ഈ വകുപ്പിൽ വനം വകുപ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ഇയാളെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും.

ഉത്രയെ കൊലപ്പെടുത്തുന്നതിനായി രണ്ടു പാമ്പുകളെയാണ് ഒന്നാം പ്രതിയായ സൂരജ് സുരേഷില്‍ നിന്നും വാങ്ങിയത്. 1500 രൂപക്കാണ് പാമ്പുകളെ വാങ്ങിയത്. കേസിലെ മൂന്നാം പ്രതിയും സൂരജിന്റെ അച്ചനുമായ സുരേന്ദ്രന്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്ന വാദം ഉന്നയിച്ചാണ് ഇയാള്‍ ഹര്‍ജി നല്‍കിയത്.