മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കൊറോണ ; ചെല്ലാനം ഹാർബർ അടച്ചു

എറണാകുളം: ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കൊറോണ പോസിറ്റീവായതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചു. ചെല്ലാനത്ത് രണ്ടാമത്തെ പോസിറ്റീവ് കേസാണ്. ഇന്നലെ പോസിറ്റീവായ 64 വയസുള്ള സ്ത്രീയുടെ ഭർത്താവും മകനും മത്സ്യത്തൊഴിലാളികളാണ്.

കഴിഞ്ഞ മാസം 19 ന് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ത്രീ ചികിത്സ തേടിയിരുന്നു. പിന്നീട് ചെല്ലാനം കോർട്ടീസ് ആശുപത്രിയിലും പ്രവേശിച്ചിച്ചു. 29നാണ് ജനറൽ ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്ന ഇവരുടെ സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇവർ ആദ്യം ചികിത്സക്കെത്തിയ കോർട്ടീസ് ആശുപത്രിയും അടച്ചു. 15-ാം വാർഡും ഹാർബർ ഉൾപ്പെടുന്ന 16-ാം വാർഡിലെ ഹാർബർ സ്ഥിതി ചെയ്യുന്ന പ്രദേശവും കണ്ടെയ്ൻമെൻറ് സോൺ ആക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടുന്ന 72 ജീവനക്കാർ സമ്പർക്ക വിലക്കിൽ കഴിയാൻ നിർദ്ദേശം നൽകി. സെക്കൻ്റ് ലെയർ ജീവനക്കാരെ ഉൾപ്പെടുത്തി ആശുപത്രിയുടെ പ്രവർത്തനം തടസമില്ലാതെ നടത്തുമെന്ന് മന്ത്രി അറിയിച്ചു. 72 ജീവനക്കാരിലും ആൻ്റി ജൻ ടെസ്റ്റ് നടത്തി. ഇതിൽ 25 പേരുടെ ഫലം നെഗറ്റീവാണ്. സ്ത്രീ കഴിഞ്ഞിരുന്ന വാർഡിലെ മറ്റ് രോഗികളും കൂടെ നിന്നവരും ക്വാറൻ്റീനിൽ കഴിയാൻ നിർദ്ദേശം നൽകി. സ്ത്രീക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.

ആലപ്പുഴ അതിർത്തിയിലുള്ള മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കഴിഞ്ഞ ദിവസം കൊറോണ പോസിറ്റീവ് ആയിരുന്നു. മത്സ്യത്തൊഴിലാളികളായ ഭർത്താക്കന്മാർ ഒരുമിച്ചാണോ ജോലി ചെയ്തതെന്നും പരിശോധിക്കുകയാണ്. വ്യക്തത വരുന്നതുവരെ മത്സ്യ ബന്ധനം നടത്താൻ പാടില്ല. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ നൽകാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

എറണാകുളം മാർക്കറ്റിലെ 132 പേരുടെ സ്രവ പരിശോധന നടത്തിയതിൽ ഫലം ലഭിച്ച ഒൻപതെണ്ണവും നെഗറ്റീവാണ്. വിമാനത്താവളത്തിൽ ഇതുവരെ 9568 ആൻറിബോഡി ടെസ്റ്റുകളാണ് നടത്തിയത്‌. 488 എണ്ണം പോസിറ്റീവായി . 30 പേരിലാണ് ആൻ്റി ജൻ ടെസ്റ്റ് നടത്തിയത്‌. രണ്ട് പേര് പോസിറ്റീവായി. വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക് കുറക്കാനായി പരിശോധനാ കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമായി. ജില്ലാ കളക്ടർ എസ്.സുഹാസ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മാജ ജോസ്.പി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.