ബസ് ചാർജ് വർധന ഇന്നു മുതൽ നിലവിൽ വന്നു

തിരുവനന്തപുരം: കൊറോണ കാലത്തെ ബസ് ചാർജ് വർധന ഇന്നു മുതൽ നിലവിൽ വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. എട്ട് രൂപ മിനിമം നിരക്കിനുള്ള യാത്ര അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് എട്ട് രൂപയ്ക്കു പകരം ഇനി 10 രൂപ നൽകണം.

കെഎസ്ആർടിസി ഓർഡിനറി സർവീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് തുടങ്ങിയ സൂപ്പർ ക്ലാസ് ബസുകൾക്കു മിനിമം നിരക്കിലും കിലോമീറ്റർ ചാർജിലും 25 ശതമാനം വർധനയുണ്ട്. വിദ്യാർഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല.

രണ്ടര കിലോമീറ്ററിന് കഴിഞ്ഞുള്ള ഓരോ സ്‌റ്റേജിലെയും നിരക്ക് ഇങ്ങനെയാണ്. അഞ്ചു കിലോമീറ്റർ സഞ്ചരിക്കുന്നതിന് പുതിയ നിരക്ക് പത്തുരൂപയാണ്. ഏഴര കിലോമീറ്റർ വരെ പതിമൂന്ന് രൂപയാണ് നിരക്ക്. പത്തുകിലോമീറ്ററിന് നിരക്ക് പതിനഞ്ചു രൂപയാണ്. പന്ത്രണ്ടര കിലോമീറ്ററിന് നിരക്ക് പതിനേഴ് രൂപയും. പതിനഞ്ച് കിലോമീറ്ററിന് നിരക്ക് പത്തൊൻപതു രൂപയാണ്. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ രണ്ടു മാറ്റങ്ങൾ വരുത്തിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിദ്യാർഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല.

യാത്രക്കാരെ സാമൂഹിക അകലം പാലിച്ചു കൊണ്ടുപോകുന്ന കോവിഡ് കാലത്തേക്ക് മാത്രമാണ് ബസ് ചാർജ് വർധിപ്പിച്ചത്. ഗതാഗത വകുപ്പ് നൽകിയ ബസ് ചാർജ് വർധന ശുപാർശ അംഗീകരിച്ചുവെങ്കിലും നിരക്കിൽ മാറ്റം വരുത്തി പുതിയ ചാർജ് മന്ത്രിസഭ നിശ്ചയിക്കുകയായിരുന്നു. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടു രൂപയിൽ നിന്ന് പത്തു രൂപയാക്കാനായിരുന്നു ഗതാഗതവകുപ്പിന്റെ ശുപാർശ. എന്നാൽ രണ്ടര കിലോമീറ്ററിന് എട്ടുരൂപയാക്കി നിലനിർത്താൻ തീരുമാനിച്ചു.