സ്കൂള്‍ ബസില്‍ നിന്നും തെറിച്ചുവീണ് ഒമ്പതുവയസകാരന്‍ മരിച്ചു

മലപ്പുറം: സ്കൂൾ ബസിൽ നിന്നും തെറിച്ചുവീണ് ഒമ്പതുകാരനായ വിദ്യാർഥി മരിച്ചു. മലപ്പുറം കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയും ഇതേ സ്ക്കൂളിലെ അധ്യാപികയുടെ മകനുമായ ഫർസീൻ(9)ആണ് മരിച്ചത്.

രാവിലെ കുട്ടികളേയും കൊണ്ട് ബസ് സ്കൂളിലേക്ക് വരുന്നതിനിടെയാണ് അപകടം. ബസിന്റെ നടുക്കത്തെ വാതിലിലൂടെ കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. റോഡിൽ വീണ കുട്ടിയുടെ മേൽ ഇതേ ബസിന്റെ ടയർ കയറിയിറങ്ങി.
മലപ്പുറം താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ ബസിൽ കുട്ടികളെ കുത്തിനിറച്ചിരുന്നുവെന്നും സ്കൂൾ ബസിൽ സഹായത്തിനായി ആരും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു.